പൊലീസ് ഡ്രൈവറെ മർദ്ദിച്ച കേസ് മുൻ ഡി.ജി.പിയുടെ മകൾക്കെതിരെ കുറ്റപത്രം

Friday 16 February 2024 12:45 AM IST

തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദ്ദിച്ചെന്ന കേസിൽ മുൻ ഡി.ജി.പി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ദ്ധയ്ക്കെതിരെ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ അഞ്ചര വർഷത്തിനു ശേഷമാണ് കുറ്റപത്രം. ദൃക്സാക്ഷികളെ കണ്ടെത്താൻ കഴിയാത്തതാണ് കുറ്റപത്രം വൈകിയതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. അതേസമയം, ഗവാസ്കർ തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നും കൈയിൽ കടന്നു പിടിച്ചെന്നും മർദ്ദിച്ചെന്നുമുള്ള സ്നിഗ്ദ്ധയുടെ പരാതി വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു.

2018 ജൂൺ 14നായിരുന്നു സംഭവം. സ്നിഗ്ദ്ധയെ കനകക്കുന്നിൽ പ്രഭാത സവാരിക്കെത്തിച്ചപ്പോഴായിരുന്നു മർദ്ദനം. ഐ.പി.എസ് പുത്രിക്ക് പരിശീലനം നൽകാനെത്തിയ പൊലീസുദ്യോഗസ്ഥയോട് തലേദിവസം ഗവാസ്കർ സംസാരിച്ചിരുന്നു. ഇത് തന്നെപ്പറ്രിയാണെന്ന് കരുതിയായിരുന്നു മർദ്ദനം. ഗവാസ്കറെ കഴുത്തിൽ ടാബുകൊണ്ടിടിക്കുകയും മർദ്ദിക്കുകയും ചെയ്തു. കഴുത്തിൽ സാരമായി പരിക്കേറ്റ് മാസങ്ങളോളം ചികിത്സയിലായിരുന്നു ഗവാസ്കർ.

പരാതി പിൻവലിക്കാൻ ഗവാസ്കറുടെമേൽ സമ്മർദ്ദമുണ്ടായിരുന്നു. രണ്ടുവർഷം മുൻപ് അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതിക്കയച്ചു. ഗവാസ്കറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും അസഭ്യം വിളിച്ചതിനുമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്ന് നിയമോപദേശം കിട്ടി. ഡി.ജി.പിയുടെ കുടുംബത്തോടൊപ്പം സ്വകാര്യ യാത്രയായതിനാൽ ഡ്യൂട്ടി തടസപ്പെടുത്തിയതായി കണക്കാക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു ഇത്. കൈകൊണ്ട് മ‍ർദ്ദിച്ചതിന് മൂന്നു വർഷംവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയത്. ഇതിന് അനുമതി വാങ്ങാൻ വൈകിപ്പിച്ചും ക്രൈംബ്രാഞ്ച് ഒത്തുകളിച്ചു. ഗവാസ്കർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റപത്രം നൽകിയത്.