വീണാ വിജയന് ഇന്ന് നിർണായകം; എസ് എഫ്‌ ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഉച്ചയ്ക്ക്

Friday 16 February 2024 7:01 AM IST

ബംഗളൂരു: മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ് എഫ് ഐ ഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്റെ എക്സാലോജിക് കമ്പനി നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

വിഷയത്തെക്കുറിച്ച്‌ കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാർ ഒഫ് കമ്പനീസ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയതാണ്. അന്വേഷണത്തോട് തങ്ങൾ പൂർണമായും സഹകരിച്ചിരുന്നു. അതേനിയമത്തിലെ ചട്ടം 212 പ്രകാരം എസ് എഫ് ഐ ഒ അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്.

വീണയെ എസ് എഫ് ഐ ഒ ചോദ്യം ചെയ്യുമെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു എക്സാലോജിക് കമ്പനി ഹൈക്കോടതിയിൽ ഹർജി നൽകിയത്. എക്സാലോജിക്കിന്റെ ആസ്ഥാനം ബംഗളുരുവിൽ ആയതിനാലാണ് കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

എസ് എഫ്‌ ഐ ഒ, കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിർകക്ഷികളാക്കി അഡ്വ. മനു പ്രഭാകർ കുൽക്കർണി മുഖേനയായിരുന്നു എക്സാലോജിക് ഹർജി നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ച കോടതി ഹർജി പരിഗണിച്ചിരുന്നു. ഒരു മണിക്കൂറോളം വാദം കേട്ട ശേഷം വിധി പറയാൻ മാറ്റുകയായിരുന്നു.

Advertisement
Advertisement