കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷിച്ചു; കാട്ടാനക്കൂട്ടത്തിനടുത്തേക്ക് ഓടിച്ചുവിട്ടു
കൊച്ചി: മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാനയെ പുറത്തെത്തിച്ചു. ജെ സി ബി ഉപയോഗിച്ച് മണ്ണുമാന്തി പാതയൊരുക്കി അതിലൂടെ ആനയെ പുറത്തെത്തിക്കുകയായിരുന്നു. ആനയെ ഓടിച്ച് കാട്ടാനക്കൂട്ടത്തിനടുത്തേക്ക് വിട്ടു.
ഇല്ലിത്തോട്ടിൽ റബ്ബർ തോട്ടത്തിലെ കിണറ്റിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു കുട്ടിയാന വീണത്. കിണറിന് സമീപത്തായി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. പിന്നീട് വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് ആനക്കൂട്ടത്തെ ഓടിച്ചത്. തുടർന്ന് പത്തരയോടെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. കുട്ടിയാനയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനപാലകർ നൽകുന്ന വിവരം. അതേസമയം, വയനാട്ടിൽ കുറുവാദ്വീപിൽ ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. പാക്കം സ്വദേശി പോളിനാണ് പരിക്കേറ്റത്. മാനന്തവാടി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഇടുക്കിയിലെ ജനവാസ മേഖലയിലും രാവിലെ കാട്ടാന ഇറങ്ങിയിരുന്നു. ആനയെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണ് പരിക്കേറ്റു. ബി എൽ റാം സ്വദേശി പാൽത്തായ്ക്കാണ് പരിക്കേറ്റത്. പാൽത്തായയെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.