കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി; വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ
മാനന്തവാടി: കുറുവയിൽ കാട്ടാന ആക്രണത്തിൽ പരിക്കേറ്റ വെള്ളച്ചാലിൽ പോൾ (50) മരിച്ച സംഭവത്തിന് പിന്നാലെ വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കാട്ടാനയുടെ ആക്രണത്തിൽ ഒരാൾ കൂടി മരിച്ച സാഹചര്യത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണത്തിന് കീഴടങ്ങിയത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പോളിനെ കാട്ടാന ആക്രമിച്ചത്. പോൾ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നിൽ പെടുകയായിരുന്നു. ഭയന്നോടുന്നതിനിടെ നിലത്തുവീണ പോളിനെ കാട്ടാന ചവിട്ടി.
ആക്രമണത്തിൽ പോളിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവർത്തകരാണ് പോളിനെ ആശുപത്രിയിൽ എത്തിച്ചത്. അരോഗ്യനില വഷളായതിനെ തുടർന്ന് പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് റേഡിയോ കോളർ ഘടിപ്പിച്ച് കർണാടക വിട്ടയച്ച കാട്ടാന മാനന്തവാടിയിലെത്തി പടമല പനച്ചിയിൽ മദ്ധ്യവയസ്‌കനെ ചവിട്ടിക്കൊന്നിരുന്നു. കർണാടക വനം വകുപ്പ് കഴിഞ്ഞ നവംബർ മുപ്പതിന് റേഡിയോ കോളർ ഘടിപ്പിച്ച് മോലഹള്ളി വനത്തിലേക്ക് വിട്ട ശല്യക്കാരനായ ബേലൂർ മഗ്ന (മോഴ) എന്ന കാട്ടാനയാണ് ടൂറിസ്റ്റ് കേന്ദ്രമായ കുറുവ ദ്വീപിന് സമീപം കർഷകനായ അജീഷിന്റെ ജീവനെടുത്തത്.