പ്രവാസികള്‍ക്ക് തിരിച്ചടി, വാടകയും പച്ചക്കറി വിലയും കുതിക്കുന്നു; ഈ ഗള്‍ഫ് രാജ്യത്തില്‍ ജീവിതച്ചെലവ് വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

Friday 16 February 2024 8:58 PM IST

പണപ്പെരുപ്പം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യമായ സൗദിയില്‍ ജീവിതച്ചെലവ് ഉയരുന്നു. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഡിസംബറിനെ അപേക്ഷിച്ച് ജനുവരി മാസത്തില്‍ പണപ്പെരുപ്പം വര്‍ദ്ധിച്ചുവെന്ന് അധികൃതര്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ജിവിതച്ചെലവ് വര്‍ദ്ധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പ്രവാസികള്‍ക്ക് ഉള്‍പ്പെടെ വലിയതിരിച്ചടിയാണ് ഇത് സമ്മാനിക്കുന്നത്.

2023 ഡിസംബറില്‍ 1.5 ശതമാനമായിരുന്ന പണപ്പെരുപ്പം 2024 ജനുവരിയില്‍ 1.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് അവശ്യ വസ്തുക്കളുടേയും നിത്യോപയോഗ സാധനങ്ങളുടേയും വില കുത്തനെ കൂടിയതാണ് പണപ്പെരുപ്പത്തിലേക്ക് നയിച്ചത്.

പാര്‍പ്പിടം, വെള്ളം, വൈദ്യുതി, ഗ്യാസ്, ഇന്ധനം തുടങ്ങിയവയുടെ വിലയില്‍ 7.8 ശതമാനം വര്‍ദ്ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സാണ് രാജ്യത്തെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

കെട്ടിടവാടകയിനത്തില്‍ കഴിഞ്ഞ മാസം 8.2 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. പച്ചക്കറി വില 3.7 ശതമാനം കുതിച്ചുയര്‍ന്നതിനാല്‍ ഭക്ഷ്യ-പാനീയ വിലകള്‍ പ്രതിവര്‍ഷം ഒരു ശതമാനം ഉയര്‍ന്നു. റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും 2.4 ശതമാനം വിലവര്‍ദ്ധനയും രേഖപ്പെടുത്തി. ഇതെല്ലാം പ്രവാസികളുടെ മാസബജറ്റിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

അതേസമയം, വാഹനങ്ങളുടെ വിലയില്‍ 2.7 ശതമാനം കുറവുണ്ടായതോടെ ഗതാഗതച്ചെലവ് 1.1 ശതമാനമായി കുറഞ്ഞു. സൗദിയില്‍ ജീവിതച്ചെലവേറിയ നഗരങ്ങളില്‍ റിയാദ്, ജിദ്ദ, അബഹ, ബുറൈദ, ഹൈല്‍ തുടങ്ങിയ നഗരങ്ങളാണ് മുന്നിലുള്ളത്. ജീവിതച്ചെലവ് കുറഞ്ഞ നഗരങ്ങളില്‍ മക്ക, തായിഫ്, അല്‍ ഹൊഫൂഫ്, തബൂക്ക്, ജിസാന്‍, അല്‍ ബഹ തുടങ്ങിയ നഗരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

സൗദി അറേബ്യക്ക് സമ്പദ് വ്യവസ്ഥയില്‍ തിരിച്ചടി നേരിടുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 3.7 ശതമാനത്തിന്റെ ഇടിവാണ് നേരിടുന്നത്.

എണ്ണ വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തില്‍ ഇടിവ് സംഭവിച്ചതാണ് ഇതിന് പ്രധാന കാരണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഗവണ്‍മെന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോരിറ്റി ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

വാര്‍ഷിക തലത്തില്‍ എണ്ണ വരുമാനത്തില്‍ 16.4% ഇടിവുണ്ടായെന്നും എന്നാല്‍ എണ്ണ ഇതര, സര്‍ക്കാര്‍ വരുമാനം യഥാക്രമം 4.3%, 3.1% വര്‍ദ്ധിച്ചതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിശദീകരിച്ചു. സൗദിയുടെ മൊത്തം ജിഡിപി 2022 നെ അപേക്ഷിച്ച് 2023ല്‍ 0.96% കുറഞ്ഞിട്ടുണ്ട്.

2023ല്‍ രാജ്യത്തിന്റെ യഥാര്‍ത്ഥ ജിഡിപി 0.03 ശതമാനം വര്‍ധിക്കുമെന്ന് സൗദി ധനമന്ത്രാലയം ഡിസംബറില്‍ പറഞ്ഞിരുന്നു. 2024ലെ ജിഡിപിയില്‍ 4.4% വളര്‍ച്ചയാണ് മന്ത്രാലയം കണക്കാക്കിയിരിക്കുന്നത്.

സൗദിക്ക് 12 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ഉല്‍പ്പാദിപ്പിക്കാനാകുമെങ്കിലും ഇപ്പോള്‍ 9 ദശലക്ഷം ബാരല്‍ എണ്ണ മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അമേരിക്ക, ബ്രസീല്‍ തുടങ്ങിയ ഒപെക് ഇതര രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം വര്‍ദ്ധിപ്പിച്ചതാണ് ഇതിന് കാരണം.

എണ്ണ അധിഷ്ഠിത സമ്പദ് വ്യവസ്ഥയായി മാറുകയെന്നതാണ് പ്രശ്നത്തിന് പരിഹാരമായി സൗദി കാണുന്നത്. സൗദിയുടെ എണ്ണ അധിഷ്ഠിത സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുകയും മിഡില്‍ ഈസ്റ്റിലെ ഒരു ടൂറിസം കേന്ദ്രമായി രാജ്യത്തെ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് പുതിയ ലക്ഷ്യം.