ചർച്ച തുടങ്ങി സി.പി.എം, ആറ്റിങ്ങലിൽ ജോയി,​ കൊല്ലത്ത് സുജാത മത്സരിച്ചേക്കും

Saturday 17 February 2024 4:39 AM IST

സ്ഥാനാർത്ഥിപ്പട്ടിക 27ന്

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കമിട്ട് സി.പി.എം. കഴിഞ്ഞ തവണ നഷ്ടപ്പെട്ടതിൽ പരമാവധി സീറ്റുകൾ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ജനപ്രീതിയുള്ളവർക്കാവും ആദ്യ പരിഗണന. 15 സീറ്റിലാണ് പാർട്ടി മത്സരിക്കുക.

രണ്ടു ദിവസത്തിനുള്ളിൽ സാദ്ധ്യതാപട്ടിക നൽകാൻ ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ കമ്മിറ്റികൾക്കു നിർദേശം നൽകി. നാളെയും മറ്റെന്നാളുമായി ജില്ലാ കമ്മിറ്റികളും പാർലമെന്റ് മണ്ഡലം കമ്മിറ്റികളും ചേരും. 27ന് സംസ്ഥാനസമിതി അന്തിമ തീരുമാനമെടുക്കും.

ആറ്റിങ്ങലിൽ ജില്ലാ സെക്രട്ടറിയും വർക്കല എം.എൽ.എയുമായ വി.ജോയിയിലാണ് എത്തി നിൽക്കുന്നത്. എന്നാൽ,​ കടകംപള്ളി സുരേന്ദ്രനെയും പരിഗണിക്കുന്നുണ്ട്. കൊല്ലത്ത് സി.എസ്. സുജാതയ്ക്ക് സാദ്ധ്യത കൽപ്പിക്കുമ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപനും പരിഗണനയിലുണ്ട്.

പത്തനംതിട്ടയിൽ ഐസക്,​

കണ്ണൂരിൽ ശൈലജ?​

ആലപ്പുഴയിൽ നിലവിലെ എം.പി എ.എം. ആരിഫ് തന്നെ മത്സരിക്കും. പത്തനംതിട്ടയിൽ തോമസ് ഐസക്കാണ് പരിഗണനയിൽ. ചാലക്കുടിയിൽ സി.രവീന്ദ്രനാഥിനെ നിറുത്തിയേക്കും. ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണനെ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. എ.കെ. ബാലന്റെ ഭാര്യ ഡോ.പി.കെ. ജമീലയുടെ പേരും ഉയരുന്നു. പൊന്നാനിയിൽ കെ.ടി. ജലീലിനെ പരിഗണിക്കുന്നുണ്ടെങ്കിലും ജില്ലാ നേതൃത്വവുമായി കൂടുതൽ ചർച്ചകൾ നടക്കുന്നുണ്ട്. കോഴിക്കോട്ട് എളമരം കരീമും പാലക്കാട്ട് എ.വിജയരാഘവനും മത്സരിച്ചേക്കും. രണ്ട് മണ്ഡലങ്ങളിലും യഥാക്രമം വി.വസീഫ് എം.സ്വരാജ് എന്നിവരുടെ പേരും സജീവമാണ്. കണ്ണൂരിൽ കെ.കെ.ശൈലജയ്ക്കാണ് സാദ്ധ്യത. എന്നാൽ യു.ഡി.എഫിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കാൻ വടകരയിൽ ശൈലജ വേണമെന്ന ആവശ്യവും ശക്തം. എ.പ്രദീപ്കുമാറാണ് ഇവിടെ മറ്റൊരു സാദ്ധ്യത. കാസർകോട്ട് ടി.വി .രാജേഷും ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനുമാണ് ലിസ്റ്റിൽ.