സമ്പൂർണ ബിരുദ സംസ്ഥാന സ്വപ്നവുമായി ഓപ്പൺ യൂണിവേഴ്സിറ്റി ബഡ്‌ജറ്റ്

Saturday 17 February 2024 12:00 AM IST

കൊല്ലം: കേരളത്തെ സമ്പൂർണ ബിരുദ സംസ്ഥാനമാക്കുകയെന്ന സ്വപ്നവുമായി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2024-25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ്. പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി പാസായ 60 വയസിൽ താഴെയുള്ളവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, സാക്ഷരത മിഷൻ സഹകരണത്തോടെ സർവേ നടത്തി കണ്ടെത്തി ബിരുദ കോഴ്സുകൾക്ക് ചേർക്കുകയാണ് ലക്ഷ്യം.

ഈ പദ്ധതിയടക്കം 89.27 കോടി വരവും 100.63 കോടി ചെലവും 11.35 കോടി കമ്മിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ കൂടിയായ സിൻഡിക്കേറ്റ് അംഗം അഡ്വ. ബിജു കെ. മാത്യു അവതരിപ്പിച്ചത്.

നിലവിലുള്ള 16 യു.ജി പ്രോഗ്രാമുകളും ഇത്തവണ നാലുവർഷ ഘടനയിലേക്ക് മാറ്റും. തിരഞ്ഞെടുത്ത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ഒരു കോഴ്സിന് ഈ വർഷം മുതൽ 'ഓപ്പൺ ബുക്ക് പരീക്ഷ"യും നടപ്പാക്കും.

സർവകലാശാല ആരംഭിച്ച നൂതന കോഴ്സായ ബി.എ നാനോ ഓൺട്രപ്രണർഷിപ്പിന്റെ ഭാഗമായി പഠിതാവിന് സംരംഭക പ്രവർത്തനത്തിനാവശ്യമായ ധനസഹായം നൽകാൻ ഇൻകുബേഷൻ സെന്റർ ആരംഭിക്കും. സാന്ത്വന പരിചരണം, വയോജന പരിപാലനം, ഐ.ടി, അക്കൗണ്ടിംഗ് തുടങ്ങിയവയിൽ സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകളും ആരംഭിക്കും. സർവകലാശാല വിദ്യാർത്ഥി യൂണിയൻ രൂപീകരിക്കും

മറ്റ് പ്രധാന നിർദ്ദേശങ്ങൾ

 കമ്പ്യൂട്ടർ അധിഷ്ഠിത 'ഓൺസ്‌ക്രീൻ വാല്യൂവേഷൻ".

 പരീക്ഷകൾക്ക് 'ക്വസ്റ്റ്യൻ ബാങ്ക് സംവിധാനം".

 സൈബർ സിറ്റിസൺഷിപ്പ് പ്രോഗ്രാം ഓൺലൈനായും ഓഫ്‌ലൈനായും.

 കൗൺസലിംഗ് ക്ലാസുകൾ 360 ഡിഗ്രിയിലുള്ള ത്രിമാന ദൃശ്യങ്ങളായി ലഭ്യമാക്കും.

 റഗുലർ കോളേജ് വിദ്യാർത്ഥികൾക്കായി ഐ.എച്ച്.ആർ.ഡിയുമായി ചേർന്ന് നൂതന സാങ്കേതിക വിദ്യ കോഴ്സുകൾ.

 മാർച്ചിൽ സർവകലാശാല ആർട്സ് ഫെസ്റ്റിവൽ, സ്പോർട്സ് മീറ്റ്

 14 പാവപ്പെട്ട പഠിതാക്കൾക്ക് ഗുരുദേവന്റെ പേരിൽ വീട്

 സർവകലാശാല ആസ്ഥാനത്തിന് ഭൂമി വാങ്ങാൻ 30 കോടി

 ആസ്ഥാനത്തിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 5 കോടി

 അക്കാഡമിക് ബ്ലോക്കിന്റെ കമ്പ്യൂട്ടർവത്കരണത്തിന് 10 ലക്ഷം

 അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ കമ്പ്യൂട്ടർവത്കരണത്തിന് 10 ലക്ഷം

 ട്രൈബൽ പഠിതാക്കൾക്കായി പ്രാദേശിക കേന്ദ്രത്തിന് 30 ലക്ഷം

 10 പുതിയ പ്രാദേശിക പഠന കേന്ദ്രങ്ങൾ

 സർവകലാശാലയുമായി ബന്ധപ്പെട്ട ഏതുവിവരവും ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുന്ന സെർച്ച് എൻജിൻ.

 ഐ.ടി, അനുബന്ധ കോഴ്സുകൾ പഠിച്ചിറങ്ങുന്നവർക്കായി സൈബർ സെന്ററിൽ ഇന്റേൺഷിപ്പ്

 നിർമ്മിതബുദ്ധിയുടെ പ്രയോഗം പരിചയപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം

 സൈബർ സെക്യൂരിറ്റി, സേഫ്ടി മാനേജ്മെന്റ് ഡിപ്ലോമ പ്രോഗ്രാം

 തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ, സഹകരണ സ്ഥാപന ഭരണ സമിതി അംഗങ്ങൾ എന്നിവർക്കായി സർട്ടിഫിക്കറ്റ് കോഴ്സ്

 ജോലി സാദ്ധ്യതകൾ മനസിലാക്കാൻ പ്ലേസ്മെന്റ് ഓഫീസ്

 തൊഴിലധിഷ്ഠിത മത്സരപരീക്ഷാ പരിശീലനകേന്ദ്രം

 സ്കോളർഷിപ്പ് നൽകാൻ 55 ലക്ഷം

ഗുരുദേവ ഗ്രന്ഥശേഖരം

ശ്രീനാരായണ ഗുരുദേവന്റെ കൃതികളും പഠനങ്ങളും അടങ്ങുന്ന ഗ്രന്ഥശേഖരം ലൈബ്രറിയിൽ ഒരുക്കും. ഗുരുദേവനുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡിജിറ്റലാക്കും. ഗുരുദർശനത്തെപ്പറ്റി പ്രമുഖരെ പങ്കെടുപ്പിച്ച് അന്തർദ്ദേശീയ സെമിനാർ പരമ്പര.

പുതിയ കോഴ്സുകൾ

ലൈബ്രറി സയൻസ് (യു.ജി & പി.ജി), എം.ബി.എ, എം.സി.എ, ബി.എഡ് (വിവിധ പ്രോഗ്രാമുകൾ), ബി.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു ബിരുദ-ബിരുദാനന്തര കോഴ്‌സുകൾ.

കൊല്ലത്തിന്റെ പൈതൃക ഗവേഷണം

പൗരാണിക തുറമുഖ നഗരമായ കൊല്ലത്തിന്റെ പാരമ്പര്യം വെളിച്ചത്തു കൊണ്ടുവരാൻ സമഗ്രഗവേഷണം. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി 5 ലക്ഷം

Advertisement
Advertisement