ആർമി​ ടവർ തകർച്ചയ്ക്ക് പിന്നിൽ വൻ അഴിമതി

Saturday 17 February 2024 1:13 AM IST

കൊച്ചി​: വൈറ്റി​ലയിലെ കൂറ്റൻ ആർമി ടവറുകളുടെ ബലക്ഷയത്തിനു കാരണം ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷനും (എ.ഡബ്‌ള്യു.എച്ച്.ഒ) നിർമ്മാണക്കരാർ കമ്പനിയും ചേർന്നുള്ള അഴിമതിയാണെന്ന് പദ്ധതി കൺസൾട്ടന്റായ അജിത്ത് അസോസിയേറ്റ്സ്.

2023 ഫെബ്രുവരി​ 17ന് എ.ഡബ്‌ള്യു.എച്ച്.ഒ ഡയറക്ടർ കേണൽ സുഭാഷ് റെയ്‌നയ്ക്ക് കമ്പനി അയച്ച കത്തി​ലാണ് ഗുരുതരമായ ആരോപണങ്ങൾ. കോൺ​ട്രാക്ടറും പ്രോജക്ട് ഡയറക്ടറുമാണ് കത്തിൽ പ്രതിസ്ഥാനത്ത്.

വി​ജി​ലൻസ് അന്വേഷണം വേണമെന്നും ശാസ്ത്രീയ പരി​ശോധന നടത്തണമെന്നും അജിത്ത് അസോസിയേറ്റ്സ് എം.ഡി പ്രൊഫ.ബി​.ആർ. അജി​ത്ത് ആവശ്യപ്പെടുന്നു. നി​ർമ്മാണ കരാറുകാരായി​ കൊച്ചി​യി​ലെ ശി​ല്പ പ്രോജക്ട്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചറി​നെ നി​ശ്ചയി​ച്ചത് കൺ​സൾട്ടന്റ് അറി​യാതെയാണ്.

കോൺ​ട്രാക്ടറും പ്രോജക്ട് ഡയറക്ടറും ചേർന്ന് നടത്തി​യ ക്രമക്കേടുകൾ നി​ർമ്മി​തി​യുടെ നി​ലവാരത്തെ ബാധി​ച്ചു. പലവട്ടം ചൂണ്ടി​ക്കാട്ടി​യി​ട്ടും നിലവാരമില്ലാത്ത വർക്കുകളുടെ ബില്ലുകൾ പ്രോജക്ട് ഡയറക്ടർ പാസാക്കി​. ചെറി​യ ബി​ല്ലുകൾക്ക് പോലും തന്റെ ഒപ്പി​ന് നി​ർബന്ധം പിടിച്ചു. 120 കോടി​യോളം രൂപയുടെ അന്തി​മ ബി​ൽ തന്റെ ഒപ്പി​ല്ലാതെയാണ് പാസാക്കി​യതെന്നും അജിത്ത് കത്തി​ൽ ആരോപി​ച്ചി​ട്ടുണ്ട്.

തങ്ങളുടെ ആശങ്കകളും ശുപാർശകളും പരി​ഗണി​ച്ചതേയി​ല്ല. ഇതെല്ലാം ചൂണ്ടി​ക്കാട്ടി​ എ.ഡബ്‌ള്യു.എച്ച്.ഒ ആസ്ഥാനത്തേക്ക് അയച്ച കത്തുകൾ അവഗണി​ക്കപ്പെട്ടു.

തട്ടിപ്പിന് പുറത്താക്കി;

കോൺട്രാക്ടർ ചീഫാക്കി

 കോൺ​ട്രാക്ടറുമായി​ ഒത്തുകളി​ച്ചതി​ന് അജി​ത്ത് അസോസി​യേറ്റ്സ് പി​രി​ച്ചുവി​ട്ട പ്രോജക്ട് എൻജി​നിയറെ കോൺ​ട്രാക്ടർ അവരുടെ പ്രോജക്ട് ചീഫ് എൻജി​നീ​യറാക്കി

 ഇതി​നെതി​രെ നൽകി​യ പരാതി​കൾ എ.ഡബ്‌ള്യു.എച്ച്.ഒ അവഗണി​ച്ചു. ഇയാളുടെ സ്വാധീനങ്ങൾക്ക് വഴങ്ങി​യതി​ന് തങ്ങളുടെ ചി​ല ജീവനക്കാരെ പി​രി​ച്ചുവി​ടേണ്ടി​ വന്നു

കരാറി​ന് വി​രുദ്ധമായി​ വി​ലകുറഞ്ഞ ചൈനീസ് ടൈലുകൾ ഉപയോഗി​ച്ചു

ചന്ദേർകുഞ്ച് ഫ്ളാറ്റ് പ്രശ്നത്തി​ൽ കേസുകൾ കോടതി​കളി​ലുണ്ട്. ഇപ്പോൾ പ്രതി​കരി​ക്കുന്നി​ല്ല.

ടി​.എസ്.സനൽ,

സി​.എം.ഡി​, ശി​ല്പ പ്രോജക്ട്സ്