ബേലൂർ മഗ്ന വീണ്ടും ജനവാസ മേഖലയ്‌ക്ക് സമീപം; പ്രദേശത്ത് ജാഗ്രതാ നിർദേശം

Saturday 17 February 2024 8:39 AM IST

മാനനന്തവാടി: ജനവാസ മേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഗ്ന ഇരുമ്പുപാലം കോളനിക്കടുത്തെത്തി. രാത്രിയിൽ കാട്ടിക്കുളം - തിരുനെല്ലി റോഡ് മുറിച്ചുകടന്നാണ് കാട്ടാന ഇരുമ്പുപാലം കോളനിക്കടുത്തെത്തിയത്. മയക്കുവെടി വിദഗ്ദ്ധൻ ഡോ. അരുൺ സക്കറിയ ഉൾപ്പെട്ട ദൗത്യസംഘം വനത്തിനുള്ളിൽ കടന്നു. ഇന്നലെയാണു അരുൺ സക്കറിയ ദൗത്യ സംഘത്തിനൊപ്പം ചേർന്നത്.

മന്ത്രിമാർ അടുത്ത ദിവസം തന്നെ വയനാട് സന്ദർശിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. റവന്യൂ, തദ്ദേശമന്ത്രിമാർ സംഘത്തിലുണ്ടാകുമെന്നും ശശീന്ദ്രൻ അറിയിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും പോളിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം, വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ ടി സിദ്ദിഖ് എംഎൽഎ രൂക്ഷവിമർശനം നടത്തി. വനംമന്ത്രി വയനാടിന്റെ വികാരം മനസിലാക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. വനംമന്ത്രിയെ പുറത്താക്കണമെന്നും അല്ലെങ്കിൽ വയനാടിന്റെ ചുമതലയിൽനിന്നു മാറ്റണമെന്നും എംഎൽഎ പറഞ്ഞു.