വയനാട്ടിൽ പ്രതിഷേധം ആളിക്കത്തുന്നു; വനംവകുപ്പ് ജീപ്പിന് മുകളിൽ റീത്തും, കടുവ ആക്രമിച്ച പശുവിന്റെ ജഡവും കെട്ടിവച്ചു

Saturday 17 February 2024 12:01 PM IST

പുൽപ്പള്ളി: വയനാട്ടിൽ തുടർച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ കാട്ടാന ചവിട്ടിക്കൊന്ന പോളിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു.

പുൽപ്പള്ളിയിലെത്തിയ വനംവകുപ്പിന്റെ വാഹനം നാട്ടുകാർ തടഞ്ഞ് റീത്ത് വച്ചു. കടുവ ആക്രമിച്ച പശുവിന്റെ ജഡവുമായും പ്രതിഷേധിക്കുന്നുണ്ട്. പശുവിന്റെ ജഡം വനംവകുപ്പിന്റെ ജീപ്പിന് മുകളിൽ കെട്ടിവച്ചു. വനംവകുപ്പ് ‌‌ഉദ്യോഗസ്ഥരെ നാട്ടുകാർ കൈയേറ്റം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ചർച്ചയല്ല പരിഹാരമാണ് വേണ്ടതെന്ന് നാട്ടുകാർ പറയുന്നു.

ബഡ്ജറ്റുകളിലുണ്ടാകുന്ന പാക്കേജുകളൊന്നും വയനാടിന് ലഭിക്കാറില്ലെന്നും ഇങ്ങനെയാണെങ്കിൽ വോട്ട് ബഹിഷ്കരിക്കുമെന്നും നാട്ടുകാർ വ്യക്തമാക്കി. ജില്ലാ കളക്ടർ അടക്കമുള്ളവർ സ്ഥലത്തെത്തി, നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ ഉറപ്പുനൽകുന്നതുവരെ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.

ഇന്നലെ രാവിലെ ഒമ്പതരയോടെ പാക്കം ചേകാടി റോഡിലെ കുറുവ ദ്വീപിന് സമീത്തെ വനപാതയിൽ വച്ചാണ് കാട്ടാന പോളിനെ ആക്രമിച്ചത്. ഉടൻ മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചു. സർജറിക്ക് വിധേയമാക്കി.വാരിയെല്ലും നട്ടെല്ലും ഒടിഞ്ഞിരുന്നു. ആന്തരിക രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ, കുടുംബത്തിലൊരാൾക്ക് ജോലി, കടം എഴുതിതള്ളണം അടക്കമുള്ള ആവശ്യങ്ങളാണ് നാട്ടുകാർ മുന്നോട്ടുവയ്ക്കുന്നത്. ജില്ലയിൽ 17 ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളാണ് പോൾ.

Advertisement
Advertisement