പ്രതിഷേധം രൂക്ഷം, മൂന്നു മന്ത്രിമാർ വയനാട്ടിലേക്ക്, മുഖ്യമന്ത്രി വിളിച്ച ഉന്നതതതല യോഗത്തിൽ തീരുമാനം

Saturday 17 February 2024 7:24 PM IST

കല്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചതിനെ തുടർന്ന് ജനങ്ങളുടെ പ്രതിഷേധം ശക്തമായതിന്റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുടെ മൂന്നംഗ സംഘത്തെ വയനാട്ടിലേക്ക് അയയ്ക്കാൻ യോഗത്തിൽ തീരുമാനമായി. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ,​ റവന്യു മന്ത്രി കെ. രാജൻ,​ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവരാണ് വയനാട്ടിലെത്തുക.

പ്രശ്നബാധിതവും വന്യമൃഗ ആക്രമണങ്ങൾ രൂക്ഷവുമായ സ്ഥലങ്ങളിൽ 250 ക്യാമറകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. മൂന്ന് മന്ത്രിമാരും വയനാട്ടിലെത്തി കളക്ടറേറ്റിൽ യോഗം ചേരാനും തീരുമാനിച്ചു. പ്രശ്നബാധി ത പ്രദേശങ്ങളിൽ കൂടുതൽ വനംവകുപ്പ്,​ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനും യോഗത്തിൽ തീരുമാനമായി. ചീഫ് സെക്രട്ടറി വി. വേണു,​ ഡി.ജി.പി ഷേയ്ഖ് ദർവേഷ് സാഹിബ്,​ വനംവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ആർ. ജ്യോതിലാൽ തുടങ്ങിയവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു.