യു.ഡി.എഫ് സീറ്റ് വിഭജനം പാതിവഴിയിൽ

Sunday 18 February 2024 12:50 AM IST

തിരുവനന്തപുരം : മൂന്നാം ലോക്‌സഭാ സീറ്റെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന മുസ്ലീം ലീഗുമായി കോൺഗ്രസ് ധാരണയിൽ എത്താത്തതിനാൽ യു.ഡി.എഫിൽ സീറ്റ് വിഭജനം നീണ്ടുപോകുന്നു.

കോട്ടയം കേരള കോൺഗ്രസ് ജോസഫിനും കൊല്ലം ആർ.എസ്.പിക്കും നൽകാൻ ഉഭയകക്ഷി ചർച്ചകളിൽ ധാരണയായിരുന്നു.

പാർട്ടി കേന്ദ്ര ഓഫീസിന്റെ രജിസ്‌ട്രേഷൻ നടപടികൾക്കായി ലീഗ് നേതാക്കൾ ഡൽഹിയിലായിരുന്നു. അടുത്ത ദിവസം ചർച്ച പുനരാരംഭിക്കും. മൂന്നാം സീറ്റെന്ന ആവശ്യത്തിൽ യൂത്ത് ലീഗ് നേതൃത്വവും പാർട്ടിയിലെ ഒരു വിഭാഗവും ഉറച്ചു നിൽക്കുകയാണ്. ആദ്യവട്ട ചർച്ചകളിൽ സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ലീഗ് നേതൃത്വത്തെ കോൺഗ്രസ്അറിയിച്ചിരുന്നു.

കണ്ണൂരോ, വടകരയോ വേണമെന്നാണ് ലീഗിന്റെ ആഗ്രഹം. ഒത്തുതീർപ്പെന്ന നിലയിൽ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടേക്കും. സിറ്റിംഗ് എം.പിമാരെല്ലാം മത്സരിക്കണമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം. കഴിഞ്ഞ തവണ തോറ്റ ഏക സീറ്റായ ആലപ്പുഴ തിരിച്ചുപിടിക്കാൻ കെ.സി വേണുഗോപാൽ മത്സരിക്കുമെന്നും അഭ്യൂഹമുണ്ട്.

മാവേലിക്കരയിൽ മത്സരരംഗത്ത് നിന്ന്പിൻമാറാനുള്ള സന്നദ്ധത കൊടിക്കുന്നിൽ സുരേഷ് പ്രകടിപ്പിച്ചെങ്കിലും തീരുമാനമായിട്ടില്ല. കെ.പി.സി.സി അദ്ധ്യക്ഷൻ കണ്ണൂരിൽ വീണ്ടും മത്സരിക്കാനുള്ള സാദ്ധ്യത കുറവാണെങ്കിലും വ്യക്തത വന്നിട്ടില്ല. മറ്റിടങ്ങളിൽ മാറ്റത്തിന് സാദ്ധ്യതയില്ല.

അതേസമയം,ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് മുന്നണി സംസ്ഥാന വൈസ് ചെയർമാൻ കൂടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു. 2014 മുതൽ പാർട്ടി മത്സരിക്കുന്ന കോട്ടയം സീറ്റ് ഉഭയകക്ഷി ചർച്ചയിൽ ആവശ്യപ്പെടും.