വന്യജീവി ആക്രമണം തടയാൻ സമഗ്രനയം വേണം: ഹൈക്കോടതി

Sunday 18 February 2024 12:33 AM IST

കൊച്ചി: വയനാട്ടിലടക്കം വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി മനുഷ്യരെ കൊലപ്പെടുത്തുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാകണമെന്നും മനുഷ്യ-മൃഗസംഘർഷം തടയാൻ സർക്കാർ സമഗ്രനയം രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം. ഉടനടി നടപടി സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ ഇത് ഫലപ്രദമായി നേരിടാൻ ബുദ്ധിമുട്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

ഇത്തരം സംഭവങ്ങൾ കേരളത്തിന് നല്ലതല്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പരാമർശിച്ചു. ടൂറിസംരംഗത്തും ഇത് തെറ്റായ സന്ദേശമാണ് നൽകുന്നത്. മനുഷ്യജീവന് മുൻഗണന നൽകണമെന്നതിൽ സംശയമില്ല. എന്നാൽ മൃഗങ്ങളെ കൊല്ലണമെന്നല്ല അതിനർത്ഥം. സാഹചര്യത്തെ എങ്ങനെ നേരിടുന്നു എന്നതാണ് പ്രധാനം. ചിലയിടങ്ങളിലെ പ്രശ്നങ്ങൾ നേരിടാൻ മാത്രമാണ് സർക്കാർ ഇതുവരെ തീരുമാനമെടുത്തിരിക്കുന്നത്. എന്നാൽ വ്യക്തമായ സമഗ്രനയമാണ് വേണ്ടത്. വിഷയത്തിൽ അമിക്കസ് ക്യൂറിയായി ജോർജി ജോണിയെ നിയോഗിച്ചു.


കാട്ടുപന്നികളുടെ ആക്രമണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. നേരത്തെ കാട്ടുപന്നികൾ മാത്രമായിരുന്നു പ്രശ്‌നം. എന്നാൽ മറ്റു പല വന്യമൃഗങ്ങളും ജനവാസകേന്ദ്രങ്ങളിലെത്തുന്നു. ഇക്കാര്യത്തിൽ ലളിതമായ പരിഹാരമുണ്ടെന്നു തോന്നുന്നില്ല. സർക്കാർ ഇടപെടണം. ജനവാസ മേഖലകൾ എങ്ങനെ സംരക്ഷിക്കാമെന്ന് ആലോചിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

Advertisement
Advertisement