കസ്റ്റംസ് ചമഞ്ഞ് 2.25 കോടി തട്ടിയ കേസിൽ രണ്ട് പേർകൂടി അറസ്റ്റിൽ
തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ചാർട്ടേഡ് അക്കൗണ്ടിനെ ഭീഷണിപ്പെടുത്തി ഓൺലൈനിലൂടെ 2.25 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ രജിനാസ് റെമി, ആഷിക് എന്നിവരാണ് അറസ്റ്റിലായത്.ഇവരിൽ നിന്ന് 70 ഓളം പാൻ കാർഡുകളും നൂറോളം ആധാർ കാർഡുകളുംചെക്ക് ലീഫുകളും കണ്ടെത്തി.
നാല് പ്രതികളെ രാജസ്ഥാനിൽ നിന്നും രണ്ടുപേരെ മുംബയിൽ നിന്നും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു
മുംബയ് വിമാനത്താവളത്തിലെത്തിയ പാഴ്സലിൽ ലഹരിമരുന്ന് കണ്ടെത്തിയെന്നും ഇതിനൊപ്പം പാസ്പോർട്ടിന്റെയും ആധാറിന്റെയും പകർപ്പ് ഉണ്ടെന്നും പറഞ്ഞ് കസ്റ്റംസ്
ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രതികൾ ചാർട്ടേഡ് അക്കൗണ്ടിനെ ഫോണിൽ വിളിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. 2.25 കോടി തന്നില്ലെങ്കിൽ കേസ് സി.ബി.ഐക്ക് കൈമാറുമെന്നും പറഞ്ഞു. ഭയന്നുപോയ ചാർട്ടേഡ് അക്കൗണ്ടന്റ് പണം നൽകി. ഈ തുക പ്രതികൾ എഴുപതിൽപരം
അക്കൗണ്ടുകളിലേക്ക് മാറ്റി തട്ടിയെടുത്തു. പിന്നീട് ക്രിപ്റ്റോ കറൻസിയായി ജൂവലറികളിൽ നിന്ന് സ്വർണം വാങ്ങി. അക്കൗണ്ടുകൾ പിൻതുടർന്നാണ് ആറുപേരെ പിടികൂടിയത്.
മറ്റൊരു അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെ പ്രതികളിലൊരാൾ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോഴിക്കോട് ബ്രാഞ്ചിൽ നിന്ന് പണം പിൻവലിച്ചതായി കണ്ടെത്തി. തുടർന്നായിരുന്നു ഇവരുടെ അറസ്റ്റ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നിധിൻരാജിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ഹരി, പൊലീസ് ഇൻസ്പെക്ടർബിജുകുമാർ, സബ് ഇൻസ്പെക്ടർ ബിജുലാൽ, സി.പി.ഒ മാരായ വി.വിപിൻ, വിപിൻ ഭാസ്കർ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.