രാഹുൽ ഗാന്ധി വയനാട്ടിലെത്തി; കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് സന്ദർശിച്ചു

Sunday 18 February 2024 8:05 AM IST

പടമല: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തി. കാട്ടാന ബോലൂർ മഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് അദ്ദേഹം ആദ്യമെത്തിയത്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും അദ്ദേഹത്തിനൊപ്പം ഉണ്ട്. നേതാക്കൾ അജീഷിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

ഈ മാസം പത്തിന് രാവിലെ 7.30ന് ആണ് കർഷകനും ഡ്രൈവറുമായ അജീഷിനെ കാട്ടാന ചവിട്ടിക്കൊന്നത്. ആനയെ കണ്ട അജീഷ് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ എത്തി ചവിട്ടിക്കൊല്ലുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബേലൂർ മാഗ്നയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

അതേസമയം, രാഹുൽ ഗാന്ധി ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തും. കഴിഞ്ഞദിവസം കുറുവാദ്വീപിന് സമീപം കാട്ടാന കൊലപ്പെടുത്തിയ വനംവകുപ്പ് താത്കാലിക വാച്ചർ വി പി പോളിന്റെ വീടും അദ്ദേഹം സന്ദർശിക്കും.

വയനാട്ടിൽ മെച്ചപ്പെട്ട ചികിത്സ ഒരുക്കണം

ചികിത്സാപ്പിഴവ് ആരോപണത്തിൽ ഉറച്ചുനിന്ന്‌ പോളിന്റെ കുടുംബം. വയനാട്ടിൽ മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങൾ ഒരുക്കണമെന്നും ഇക്കാര്യം രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുമെന്നും പോളിന്റെ ഭാര്യ ഷാലി മാദ്ധ്യമങ്ങളോട് പറഞ്ഞു. പുൽപ്പള്ളിയിലുണ്ടായത് സ്വാഭാവിക പ്രതിഷേധമാണെന്നും കുടുംബം പ്രതികരിച്ചു.