കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് രാഹുൽ ഗാന്ധി; കാര്യങ്ങൾ ചെയ്യാൻ വയനാട്ടിൽ പോകണമെന്നില്ലെന്ന് മന്ത്രി ശശീന്ദ്രൻ

Sunday 18 February 2024 9:03 AM IST

പുൽപ്പള്ളി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് രാഹുൽ ഗാന്ധി. വനംവകുപ്പ് താത്കാലിക വാച്ചർ പാക്കം സ്വദേശി വി പി പോളിന്റെയും പടമല സ്വദേശി അജീഷിന്റെയും വീടുകൾ സന്ദർശിച്ചു. ഇരു കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ഇന്ന് രാവിലെയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്. കാട്ടാന ബേലൂർ മഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് അദ്ദേഹം ആദ്യം പോയത്. തുടർന്നാണ് പോളിന്റെ വീട്ടിലെത്തിയത്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

ഈ മാസം പത്തിന് രാവിലെ 7.30ന് ആണ് കർഷകനും ഡ്രൈവറുമായ അജീഷിനെ കാട്ടാന ചവിട്ടിക്കൊന്നത്. ആനയെ കണ്ട അജീഷ് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ എത്തി ചവിട്ടിക്കൊല്ലുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബേലൂർ മാഗ്നയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

കഴിഞ്ഞദിവസമാണ് പോൾ കൊല്ലപ്പെട്ടത്. കുറുവാദ്വീപിന് സമീപത്തുവച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. ജില്ലയിൽ പതിനേഴ് ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ പോളിന്റെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

അതേസമയം, പ്രതിഷേധം അക്രമാസക്തമാകുന്നത് കാര്യങ്ങൾ സങ്കീർണമാക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. ചില വാട്സാപ്പ് ഗ്രൂപ്പുകൾ പ്രശ്നം വഷളാക്കുകയാണ്. താൻ വയനാട്ടിൽ പോയിട്ടില്ലെന്നത് ആരോപണമല്ല, വസ്തുതയാണ്. കാര്യങ്ങൾ ചെയ്യാൻ വയനാട്ടിൽ പോകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ വയനാട്ടിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.