ഏകമകൾ കാമുകനൊപ്പം ഒളിച്ചോടി, സൈനികനും ഭാര്യയും ജീവനൊടുക്കി; മകളെ മൃതദേഹം കാണിക്കരുതെന്ന് ആത്മഹത്യാ കുറിപ്പ്
Sunday 18 February 2024 9:17 AM IST
കൊല്ലം: ഏകമകൾ കാമുകനൊപ്പം പോയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലം പാവുമ്പ സ്വദേശിയും സൈനികനുമായ ഉണ്ണികൃഷ്ണ പിള്ള, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദമ്പതികളുടെ ഏകമകൾ കാമുകനൊപ്പം ഒളിച്ചോടിയത്.
മകൾ പോയതിനുശേഷം ദമ്പതികൾ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇക്കാര്യം ബന്ധുക്കളോടും പറഞ്ഞിരുന്നു. വെള്ളിയാഴ്ചയാണ് ദമ്പതികളെ അമിതമായ അളവിൽ ഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. അന്ന് തന്നെ ബിന്ദു മരിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു ഉണ്ണികൃഷ്ണ പിള്ളയുടെ മരണം. ഉണ്ണികൃഷ്ണ പിള്ള വൃക്കരോഗിയാണ്.
മകളുടെ പ്രണയം ദമ്പതികൾ ആദ്യമേ എതിർത്തിരുന്നു. എന്നാൽ ഇതുവകവയ്ക്കാതെ പെൺകുട്ടി കാമുകനൊപ്പം പോകുകയായിരുന്നു. മകളെ മൃതദേഹം കാണിക്കരുതെന്ന് ആത്മഹത്യാകുറിപ്പ് എഴുതിവച്ചതിന് ശേഷമാണ് ദമ്പതികൾ ജീവനൊടുക്കിയത്.