"ആശ്രമത്തിലെ കല്യാണി പൂച്ചയുടെ കുട്ടിക്ക് മൊയ്തീനെന്ന് പേരിട്ടു", പടച്ചോന്റെ അനുഗ്രഹത്താൽ ഇരുവരും സുഖമായിരിക്കുന്നുവെന്ന് സന്ദീപാനന്ദഗിരി; കേസ് കൊടുക്കുമെന്ന് കമന്റ്

Sunday 18 February 2024 10:49 AM IST

കഴിഞ്ഞ ദിവസമാണ് ത്രിപുരയിൽ നിന്ന് ബംഗാളിലേക്ക് കൊണ്ടുവന്ന സിംഹങ്ങളുടെ പേരുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ വിചിത്ര ഹർജിയെത്തിയത്. രണ്ട് സിംഹങ്ങളിൽ ഒരാളുടെ പേര് അക്ബർ എന്നും മറ്റേതിന്റെ പേര് സീത എന്നുമാണ്. അക്ബറിനെയും സീതയേയും ഒന്നിച്ച് പാർപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ആണ് ഹർജി നൽകിയത്.

സംഭവം രാജ്യവ്യാപകമായി ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇതിനെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി. ആശ്രമത്തിലെ കല്യാണി പൂച്ചയുടെ കുട്ടിക്ക് മൊയ്തീനെന്ന് പേരിട്ടെന്നും ഇരുവരും പടച്ചോന്റെ അനുഗ്രഹത്താൽ സുഖമായിരിക്കുന്നുവെന്നുമാണ് സന്ദീപാനന്ദ ഗിരിയുടെ കുറിപ്പ്. പൂച്ചകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

പോസ്റ്റിന് രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്നത് തടയാൻ ഉടൻ നടപടിയെടുക്കണമെന്നാണ് ഒരാളുടെ കമന്റ്. അറബിക്കടൽ അറബ് രാഷ്‌ട്രത്തേക്ക് മാറ്റണമെന്ന് മറ്റൊരാളും കമന്റ് ചെയ്‌തിട്ടുണ്ട്.

'കേസ് കൊടുക്കും ഞങ്ങൾ', 'കേസും വക്കാലത്തവുമായി ശിഷ്ടകാലം കഴിയാനാണോ തീരുമാനം', 'കോടതി കയറേണ്ടി വരും' തുടങ്ങി നിരവധി കമന്റുകൾ വരുന്നുണ്ട്.