ഡിമാൻഡ് ഏറിയതോടെ വിലയും കുത്തനെ കൂടി, കിലോയ്ക്ക് 500 രൂപ വരെ; ഇത് ഇടവിളയായി കൃഷി ചെയ്താൽ പോക്കറ്റ് നിറക്കാം

Sunday 18 February 2024 12:50 PM IST

തൃശൂർ: എഴുപത് കൊക്കോ ഇനങ്ങളുടെ ജനിതക ശേഖരം, ഏഷ്യയിലെ ഏറ്റവും വലിയ ശേഖരവുമായി കാർഷിക സർവകലാശാല. മലേഷ്യയും ഇൻഡോനേഷ്യയുമാണ് തൊട്ടുപിന്നിൽ. 23 രാജ്യങ്ങളിലെ കൊക്കൊ ഇനങ്ങൾ വെള്ളാനിക്കരയിലെ ഗവേഷണ കേന്ദ്രത്തിലുണ്ട്.

കാലാവസ്ഥയ്ക്ക് അനുയോജ്യമായ 15 അത്യുത്പാദന ഇനങ്ങളും വികസിപ്പിച്ചു. ഇന്ത്യയിലെ 90 ശതമാനം തോട്ടങ്ങളിലും കാർഷിക സർവകലാശാലയിലെ ഇനങ്ങളാണ് ഉപയോഗിക്കുന്നത്. സാങ്കേതികവിദ്യ, പ്രാഥമിക സംസ്‌കരണം, ചോക്ലേറ്റ് ഉത്പാദനം എന്നിവയും വികസിപ്പിച്ചു. അത്യുത്പാദന ശേഷിയുള്ള നടീൽവസ്തുക്കളുടെ ഉത്പാദനത്തിലും സാങ്കേതികവിദ്യയിലും പരിശീലനം നൽകുന്നു. ഇടവിളയായി കൃഷി ചെയ്ത് കർഷകർക്ക് മികച്ച വരുമാനവുമുണ്ടാക്കാവുന്നതാണ് ഇനങ്ങൾ.

ലോകബാങ്ക് സഹായത്തോടെ 1970ൽ തുടങ്ങിയ പദ്ധതി 1987 മുതൽ കാഡ്ബറിയുമായി (മൊണ്ടലിസ്) ചേർന്നാണ് നടത്തുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തിലുള്ള ഇന്ത്യയിലെ ഏക പദ്ധതിയുമാണിത്. പ്രതിരോധശേഷി കൂടുതലുള്ള ആറ് ഇനങ്ങൾ ഇതിനിടെ പുറത്തിറക്കി. ഇന്ത്യയിൽ ചോക്ലേറ്റ്, കൊക്കൊ ഉത്പന്നങ്ങളുടെ ഡിമാൻഡ് വർദ്ധിക്കുന്നുണ്ടെങ്കിലും 30 ശതമാനമേ ഉത്പാദനമുള്ളൂ. ഐവറി കോസ്റ്റ്, ഘാന ഉൾപ്പെടെ എട്ട് ആഫ്രിക്കൻ രാജ്യങ്ങളാണ് 70 ശതമാനവും ഉത്പാദിപ്പിക്കുന്നത്. കൂടിയ ചൂടിലും കാലം തെറ്റിയ മഴയിലും ഉത്പാദനം കുറഞ്ഞതിനാൽ നിലവിൽ വിലയും വർദ്ധിച്ചിട്ടുണ്ട്.

കൊക്കോ ഇന്ത്യയിൽ

പ്രതിവർഷം വേണ്ടത് 1,30,000 ടൺ
ലഭിക്കുന്നത് 30,000 ടൺ
ഡിമാൻഡ് വർദ്ധന പ്രതിവർഷം 15-20%

വില (കിലോയ്ക്ക്)

ഉണക്കക്കുരുവിന് 500 രൂപ
(രാജ്യാന്തര വിപണിയിൽ)

ഇന്ത്യയിൽ 430 രൂപ
മുമ്പത്തെ വില 230-320 രൂപ

കൊക്കോക്കൃഷി വ്യാപകമാകുന്നത് കണക്കിലെടുത്ത് കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുതകുന്ന ഇനങ്ങൾ വികസിപ്പിക്കും.

ഡോ.ബി.സുമ
പ്രൊഫ. ആൻഡ് ഹെഡ്,
കൊക്കോ ഗവേഷണ കേന്ദ്രം