ഗവർണർ നാളെ വയനാട്ടിലെത്തും; കാട്ടാനയുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കും
തിരുവനന്തപുരം: വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ വയനാട്ടിലെത്തും. തിരുവനന്തപുരത്തുനിന്ന് വൈകിട്ട് മാനന്തവാടിയിലേക്ക് തിരിക്കും. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ അദ്ദേഹം സന്ദർശിക്കും.
ജില്ലയിൽ പതിനേഴ് ദിവസത്തിനിടെ മൂന്ന് പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനോ വനംമന്ത്രി എ കെ ശശീന്ദ്രനോ ഇതുവരെ വയനാട്ടിലെത്തിയിട്ടില്ല. അതിൽ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഗവർണറുടെ സന്ദർശനം.
കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി രാവിലെ വയനാട്ടിലെത്തിയിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷ് അടക്കമുള്ളവരുടെ വീടുകൾ സന്ദർശിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനൊപ്പം ഉണ്ടായിരുന്നു. വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ നടന്ന അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുത്തു.