ഇംഗ്ലണ്ട് തവിടുപൊടി, രാജ്‌കോട്ടില്‍ ഇന്ത്യക്ക് 434 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; പരമ്പരയില്‍ മുന്നില്‍

Sunday 18 February 2024 6:45 PM IST

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ഗംഭീര വിജയം. 434 റണ്‍സിന്റെ ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (2-1). ഇന്ത്യ ഉയര്‍ത്തിയ 557 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലീഷ് നിരയുടെ മറുപടി 39.4 ഓവറില്‍ വെറും 122 റണ്‍സില്‍ ഒതുങ്ങി. പേരുകേട്ട ഇംഗ്ലീഷ് ബാറ്റിംഗ് നിരയില്‍ ഒരാള് പോലും തിളങ്ങാതെ മടങ്ങിയപ്പോള്‍ പത്താമനായ മാര്‍ക് വുഡ് (33) ആണ് ടോപ് സ്‌കോറര്‍. മത്സരത്തില്‍ ഏഴ് വിക്കറ്റുകളും സെഞ്ച്വറിയും നേടിയ രവീന്ദ്ര ജഡേജയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

രണ്ട് വിക്കറ്റിന് 196 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യ യശ്വസി ജയ്‌സ്‌വാളിന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയുടെ മികവില്‍ (പുറത്താകാതെ 214 റണ്‍സ്) നാല് വിക്കറ്റ് നഷ്ടത്തില്‍ 430 എന്ന കൂറ്റന്‍ സ്‌കോര്‍ നേടി. ഇതോടെ ആകെ ലീഡ് 556 റണ്‍സ് ആയി ഉയര്‍ന്നു. ജയ്‌സ്‌വാളിന് പുറമേ ശുഭ്മാന്‍ ഗില്‍ (91), സര്‍ഫറാസ് ഖാന്‍ (68*) എന്നിവരും തിളങ്ങി. നൈറ്റ് വാച്ച്മാനായി എത്തിയ കുല്‍ദിപ് യാദവ് 27 റണ്‍സ് നേടി മികവ് കാട്ടി. നാലാം ദിനം ചായക്ക് മുമ്പ് ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ഇരട്ട സെഞ്ച്വറി നേടിയ ജയ്‌സ്‌വാള്‍ ഒരുപിടി റെക്കോഡുകളും സ്വന്തം പേരില്‍ കുറിച്ചു. 12 സിക്‌സറുകളുമായി ഒരു ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഏറ്റവും അധികം സിക്‌സറുകളെന്ന റെക്കോഡിന് ഒപ്പമെത്താന്‍ യുവ താരത്തിനായി. 14 ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു ജയ്‌സ്‌വാളിന്റെ ഇന്നിംഗ്‌സ്. ജെയിംസ് ആന്‍ഡേഴ്‌സണെ തുടര്‍ച്ചയായി മൂന്ന് സിക്‌സറുകള്‍ പറത്തി ഏവരേയും ഞെട്ടിക്കാനും താരത്തിന് കഴിഞ്ഞു. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും ഹാഫ് സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡ് സര്‍ഫറാസും നേടി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 50ല്‍ എത്തിയപ്പോള്‍ ഏഴ് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. സാക് ക്രൗളി (11), ബെന്‍ ഡക്കറ്റ് (4), ഒലി പോപ്പ് (3), ജോ റൂട്ട് (7), ജോണി ബെയ്‌സ്‌റ്റോ (4) ബെന്‍ സ്‌റ്റോക്‌സ് (15), റേഹാന്‍ അഹമ്മദ് (0) എന്നിവരാണ് ആദ്യം വീണത്. ഒരവസരത്തില്‍ നൂറ് റണ്‍സ് പോലും തികയ്ക്കില്ലെന്ന് തോന്നിച്ച ഇംഗ്ലണ്ടിനെ ബെന്‍ ഫോക്‌സ് (16), ടോം ഹാര്‍ട്‌ലി (16), മാര്‍ക് വുഡ് (33) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ആന്‍ഡേഴ്‌സണ്‍ ഒരു റണ്‍ നേടി പുറത്താകാതെ നിന്നു.

ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് ഇംഗ്ലീഷ് വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ബൗളിംഗില്‍ തിളങ്ങിയത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെ ബെന്‍ ഡക്കറ്റിനെ റണ്ണൗട്ടാക്കി ധ്രുവ് ജൂരെലും തിളങ്ങി. ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സ് അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. പരമ്പരയിലെ നാലാം ടെസ്റ്റ് ഫെബ്രുവരി 23ന് റാഞ്ചിയില്‍ ആരംഭിക്കും.

Advertisement
Advertisement