കെട്ടഴിഞ്ഞ മത്സ്യബന്ധന ബോട്ടുകൾ,​ ടൂറിസ്റ്റ് ബോട്ടുകൾക്ക് അപകട ഭീഷണിയിൽ

Monday 19 February 2024 12:15 AM IST

ഫോർട്ട്കൊച്ചി: ടൂറിസ്റ്റ് ജെട്ടിക്ക് സമീപം കെട്ടിയിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ കെട്ടഴിഞ്ഞ് പോകുന്നത് കൊച്ചി അഴിമുഖത്ത് ടൂറിസ്റ്റ് ബോട്ടുകൾക്ക് അപകട ഭീഷണിയാകുന്നു. 10 ലധികം ബോട്ടുകളാണ് ഒരേ സമയം ടൂറിസ്റ്റ് ബോട്ടുജെട്ടിക്ക് സമീപമുള്ള പെട്രോൾ പമ്പിന് സമീപം കെട്ടിയിട്ടിരിക്കുന്നത്. ഇത് പലപ്പോഴും കെട്ടഴിഞ്ഞ് അഴിമുഖത്ത് ഒഴുകി നടക്കുന്നതും സ്ഥിരം കാഴ്ചയാണ്. മത്സ്യ ബന്ധന യാനങ്ങൾ കെട്ടരുതെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് മറി കടന്നാണ് നടപടി.

വിനോദ സഞ്ചാരികളുടെ ബോട്ടുകൾക്ക് ഇവിടെ പ്രവേശിക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും മത്സബന്ധന ബോട്ടുകളുടെ യന്ത്രങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് മൂലമുണ്ടാകുന്ന ഓളങ്ങളിൽ ആടിയുലയുകയും ചെയ്യും. സ്കൂളുകളിൽ നിന്ന് വിനോദ സഞ്ചാരത്തിന് വരുന്ന കുട്ടികൾ ഉൾപെടെയുള്ളവരാണ് ടൂറിസ്റ്റ് ബോട്ടുകളിൽ ഉണ്ടാകുന്നത്. ഭീകര അന്തരീഷം തരണം ചെയ്താണ് അവർ ടൂറിസ്റ്റ് ബോട്ട് ജെട്ടിയിൽ ഇറങ്ങുന്നത്.

 അപകടം പതിവ്

ടൂറിസ്റ്റ് ബോട്ട് ജെട്ടിയിൽ പല തവണ മത്സ്യ ബന്ധന യാനങ്ങൾ ഇടിക്കുന്ന സംഭവങ്ങളുണ്ടായി. മത്സ്യബന്ധന ബോട്ടിടിച്ച് ബോട്ട് ജെട്ടിയുടെ ഒരു ഭാഗം തകർന്നിരുന്നത് അറ്റക്കുറ്റപ്പണി പുരോഗമിക്കുകയാണ്. ഈ ഭാഗത്ത് തന്നെയാണ് 2015-ൽ മത്സ്യബന്ധന ബോട്ട് യാത്ര ബോട്ടിലിടിച്ച് 11 പേരുടെ ജീവൻ നഷ്ടമായത്. അപകടകരമായ സ്ഥിതിയാണ് ഓരോ ദിവസവുമെന്ന് നാട്ടുകാർ പറയുന്നു.

ടൂറിസ്റ്റ് ബോട്ടിൽ എത്തുന്നവരുടെ സുരക്ഷയിലും ബോട്ട് ജെട്ടിയുടെ സുരക്ഷയിലും ആശങ്കയുണ്ട്ർ

ബോണി തോമസ്

നോഡൽ ഓഫിസർ

കൊച്ചിൻ ഹെരിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി

Advertisement
Advertisement