വേനലിനു മുമ്പേ പൊള്ളുന്ന ചൂട്, 38 ഡിഗ്രിയിലേക്ക്,   വേനൽക്കാല രോഗം പടരുന്നു

Monday 19 February 2024 12:00 AM IST

തിരുവനന്തപുരം : വേനൽക്കാലം തുടങ്ങാൻ പത്തുദിവസം

ശേഷിക്കേ, അതിനെയും കടത്തിവെട്ടുന്ന ചൂടിലേക്ക് കേരളത്തിന്റെ കാലാവസ്ഥ മാറി.

വേനൽക്കാല താപനില മാർച്ചിൽ ശരാശരി 36 ഡിഗ്രി സെൽഷ്യസ് എത്താറുണ്ട്. ഇക്കുറി ഫെബ്രുവരിയിൽത്തന്നെ കണ്ണൂരിൽ 37 കടന്നു. വരുംദിവസങ്ങളിൽ കോഴിക്കോട് 38 ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരത്ത് 36 വരെ എത്തിയേക്കും. മൂന്നും നാലും ഡിഗ്രി സെൽഷ്യസിന്റെ വ്യത്യാസമാണ് ഒറ്റയടിക്ക് ഉണ്ടാവുന്നത്.

ഈ സ്ഥിതി തുടർന്നാൽ വേനൽച്ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നേക്കാം.ജലാശയങ്ങളിലും കിണറുകളിലും ജലനിരപ്പ് താഴ്ന്നു തുടങ്ങി. അടുത്ത മാസം വേനൽ മഴ പെയ്തില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും.

തുറസായ സ്ഥലങ്ങളിലെ ജോലിക്ക്

രാവിലെ 11മുതൽ മൂന്നു മണിവരെ ഇടവേള നൽകണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

നിലവിലെ താപനില ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചുതുടങ്ങി. ചിക്കൻപോക്സ് വ്യാപകമായി. മറ്റു വേനൽക്കാല രോഗങ്ങളും ബാധിച്ചു തുടങ്ങി.

ഈ മാസം 17വരെ 1701 ചിക്കൻപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തു.വയറിളക്കരോഗങ്ങളുമായി 19,632 പേരും ചികിത്സതേടി. മഞ്ഞപിത്തവും ബാധിക്കുന്നുണ്ട്.
സൂര്യാഘാതമേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ് .വെയിലേൽക്കുമ്പോൾ ചർമ്മത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചർമ്മത്തിന് ചുവപ്പുനിറം, ചൊറിച്ചിൽ, ഈർപ്പമില്ലായ്മ എന്നീ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.

കാരണം എൽനിനോ

എൽനിനോ പ്രതിഭാസമാണ് കാലം തെറ്റിയുള്ള കനത്ത ചൂടിന് കാരണം. പസഫിക് സമുദ്രത്തിന്റെ ഭൂമദ്ധ്യരേഖാ മേഖലയിൽ സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തിൽ ചൂടുപിടിപ്പിക്കുന്ന പ്രതിഭാസമാണ് എൽനിനോ. അതിൽ നിന്നുള്ള ചൂട്കാറ്റ് മറ്റു മേഖലകളിലേക്ക് വ്യാപിക്കുന്നതോടെ താപനില ഉയരുകയാണ്.

 രാജ്യത്തെ കൂടിയ

ചൂട് കണ്ണൂരിൽ

1. കഴിഞ്ഞ ഒൻപത് ദിവസം തുടർച്ചയായി രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്.

(37.9ഡിഗ്രി സെൽഷ്യസ്).

2. സംസ്ഥാനത്ത് നിലവിൽ ശരാശരി 34 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞവർഷം ഈ സമയത്ത് 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു.

ചായ, കാപ്പി, മദ്യപാനം

കുറയ്ക്കണം

ശരീരത്തിലെ താപനില വർദ്ധിക്കാതിരിക്കാൻ

ചായ, കാപ്പി, മദ്യപാനം കുറയ്ക്കണം.ഭക്ഷണത്തിൽ എരിവ്, പുളി, മസാലകൾ എന്നിവ നിയന്ത്രിക്കണം. വീടുകളിൽ ശുദ്ധജലത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക

ശക്തമായ വെയിൽ ഏൽക്കാതെ ശ്രദ്ധിക്കുക. പുറത്തിറങ്ങുന്നവർ സൺ സ്‌ക്രീൻ ലോഷനും പൗഡറും ഉപയോഗിക്കുക.കുട ഉപയോഗിക്കുക

 ധാരാളം വെള്ളം കുടിക്കുക, രണ്ടുതവണ കുളിക്കുക.

അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

`മാർച്ചിൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്. എൽനിനോ പ്രതിഭാസം സജീവമാണ് .ഇനിയും താപനില വർദ്ധിക്കും.

-രാജീവൻ എരിക്കുളം

കാലാവസ്ഥാ ഗവേഷകൻ,

ദുരന്ത നിവാരണ അതോറിട്ടി

`അത്യന്തം ചൂടുള്ള കാലാവസ്ഥയിലേക്ക് മാറുമ്പോൾ വേനൽക്കാല രോഗങ്ങൾ വ്യാപിക്കും. നേരിട്ടുള്ള വെയിൽ ഒഴിവാക്കുക, ധാരാളം ശുദ്ധമായ വെള്ളം കുടിയ്ക്കണം.'

-ഡോ.എ.വി.ജയകൃഷ്ണൻ,

ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ്

Advertisement
Advertisement