കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ വീണ്ടും യു.ഡി.എഫ് സ്ഥാനാർത്ഥി

Monday 19 February 2024 12:00 AM IST

കൊല്ലം: കൊല്ലം എം.പി​യും ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ എൻ.കെ. പ്രേമചന്ദ്രൻ വീണ്ടും കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി. യു.ഡി.എഫ് നേതൃത്വത്തിന്റെ അനുമതിയോടെ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണാണ് പ്രഖ്യാപനം നടത്തിയത്. പാർട്ടി​ സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങൾ പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിരുന്നു.

അഞ്ചാം തവണയാണ് പ്രേമചന്ദ്രൻ കൊല്ലത്ത് നിന്നു ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. 1996, 98 തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ചു. 2014ൽ എൽ.ഡി.എഫ് കൊല്ലം സീറ്റ് നിഷേധിച്ചതോടെ മുന്നണി വിട്ട് ആർ.എസ്.പി യു.ഡി.എഫിലെത്തി. യു.ഡി.എഫ് സ്ഥാനാർത്ഥിയായ പ്രേമചന്ദ്രൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയെ 37,649 വോട്ടിന് പരാജയപ്പെടുത്തി. 2019ൽ നി​ലവി​ലെ മന്ത്രി കെ.എൻ. ബാലഗോപാലിനെ 1,48,869 വോട്ടുകൾക്ക് തോല്പിച്ചു.

2006ൽ ചവറയിൽ നിന്നു നിയമസഭാംഗമായ പ്രേമചന്ദ്രൻ വി.എസ്. അച്യുതാനന്ദൻ സർക്കാരി​ൽ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു. ഷിബു ബേബിജോണിനെയാണ് അന്ന് പരാജയപ്പെടുത്തിയത്. 2011ലെ തിരഞ്ഞെടുപ്പിൽ ഷിബുവിനോട് പ്രേമചന്ദ്രൻ പരാജയപ്പെട്ടു. രാജ്യസഭാംഗമായും പ്രേമചന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്.

ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത, കൊല്ലം എം.എൽ.എ എം. മുകേഷ്, ചവറ എം.എൽ.എ സുജിത്ത് വിജയൻപിള്ള എന്നിവരുടെ പാനലാണ് കൊല്ലത്തേക്ക് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയത്. ഇതിൽ മുകേഷിന്റെ മാത്രം പേര് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റിക്ക് നിർദ്ദേശിച്ചു. 27ന് അന്തിമ തീരുമാനം ഉണ്ടാകും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറോ ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരനോ എൻ.ഡി.എ സ്ഥാനാർത്ഥി ആയേക്കും.

Advertisement
Advertisement