മതസാഹോദര്യം വിളിച്ചോതി പേക്കടത്ത് മാപ്പിള തെയ്യം

Monday 19 February 2024 12:10 AM IST
ചവേല കൊവ്വൽ ദേവസ്വം കളിയാട്ട മഹോത്സവത്തിൽ അരങ്ങിലെത്തിയ മാപ്പിളതെയ്യം

തൃക്കരിപ്പൂർ: മതസാഹോദര്യം വിളിച്ചോതി, ബാങ്ക് വിളിയും നിസ്കാരവുമടക്കമുള്ള ഇസ്ലാമിക ആചാരങ്ങളുമായൊരു തെയ്യം. കഴിഞ്ഞ ദിവസം നടന്ന പേക്കടം ചവേല കൊവ്വൽ ദേവസ്വം കളിയാട്ട മഹോത്സവത്തിലാണ് പനിയൻ തെയ്യത്തിന്റെ കൂടെ രണ്ടുപേരടങ്ങുന്ന മാപ്പിള തെയ്യവും അരങ്ങിലെത്തിയത്.

വെള്ള മുണ്ടും ബനിയനും അരപ്പട്ടയും വെള്ള തൊപ്പിയും ധരിച്ച് ഒരു കോലവും വെള്ള ഷർട്ടും മുണ്ടും തലയിൽ കെട്ടുമടങ്ങിയ വേഷത്തിൽ മറ്റൊരു തെയ്യക്കോലവുമാണ് ക്ഷേത്ര തിരുമുറ്റത്തെത്തിയത്. പള്ളിയും പള്ളിയറയും ഒന്നാണെന്ന സന്ദേശവുമായാണ് അപൂർവ്വ തെയ്യക്കോലം അരങ്ങിലെത്തിയത്.

അഞ്ചു വർഷത്തിനു ശേഷമാണ് പേക്കടം ചവേല കൊവ്വൽ ദേവസ്ഥാനത്ത് കളിയാട്ടം നടന്നത്. തുലുക്കോലം രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണു മൂർത്തി, ചവേല ഭഗവതി എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടി.

മാപ്പിളതെയ്യത്തിന്റെ ഐതിഹ്യം

പ്രദേശത്തെ കർഷകരായ നാട്ടുകാരിൽ നിന്നും അമിതമായ നികുതി പിരിക്കാനെത്തിയ നാട്ടുപ്രമാണിമാർക്കും അവരുടെ കിങ്കരന്മാർക്കുമെതിരെ പ്രതിഷേധിച്ചതോടെ അക്രമം അരങ്ങേറുകയും നാട്ടുപ്രമാണിമാരുടെ കിങ്കരന്മാർ കർഷകരെ നിഷ്കരുണം വധിക്കുകയും ചെയ്തു. അതുവഴി പോവുകയായിരുന്ന തുണിവ്യാപാരികളും മുസ്ലീമുകളുമായ തേളപ്രത്ത് ഹുസൈനും മകൻ പക്കിയും ഇതു കാണുകയും നാട്ടുകാർക്കു വേണ്ടി അടരാടി ജീവത്യാഗം ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ ചവേല ഭഗവതി പ്രത്യക്ഷപ്പെട്ട് പ്രമാണിയെയും കൂട്ടാളികളെയും വകവരുത്തുകയും നാടിനുവേണ്ടി ജീവത്യാഗം ചെയ്ത മുസ്ലീങ്ങളായ ബാപ്പയെയും മകനെയും എന്നോടൊപ്പം കെട്ടിയാടിക്കണമെന്ന് അറിയിക്കുകയും ചെയ്തുവത്രെ.

Advertisement
Advertisement