ഷോണ്‍ ജോര്‍ജിനെതിരെ പരാതിയുമായി വീണ വിജയന്‍, വ്യാജ പ്രചാരണമെന്ന ആരോപണത്തില്‍ കേസെടുത്ത് പൊലീസ്

Sunday 18 February 2024 10:20 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ പരാതിയില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്. കനേഡിയന്‍ കമ്പനിയുണ്ടെന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഷോണ്‍ ജോര്‍ജ് വ്യാജ പ്രചാരണം നടത്തിയെന്നാണ് വീണയുടെ പരാതി. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് ആണ് വീണയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.

വീണയ്ക്ക് കനേഡിയന്‍ കമ്പനിയുണ്ടെന്ന് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഷോണിനെതിരെ ചുമത്തിയിട്ടുള്ളത്.

തന്റെ പിതാവ് പിണറായി വിജയനും ഭര്‍ത്താവ് മുഹമ്മദ് റിയാസും സിപിഎം നേതാക്കളായതിനാല്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയാണെന്നും വീണ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, മാസപ്പടി കേസില്‍ വീണാ വിജയന് തിരിച്ചടി നേരിട്ടിരുന്നു.

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ് എഫ് ഐ ഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്.

എക്സാലോജിക് - സിഎംആര്‍എല്‍ ഇടപാടുകളില്‍ എസ് എഫ് ഐ ഒക്ക് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു. വിഷയത്തെക്കുറിച്ച് കമ്പനി കാര്യനിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാര്‍ ഒഫ് കമ്പനീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതാണ്.

അന്വേഷണത്തോട് തങ്ങള്‍ പൂര്‍ണമായും സഹകരിച്ചിരുന്നു. അതേ നിയമത്തിലെ ചട്ടം 212 പ്രകാരം എസ് എഫ് ഐ ഒ അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. വീണയെ എസ് എഫ് ഐ ഒ ചോദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു എക്‌സാലോജിക് കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.