കൊല്ലം തീരത്ത് ചരക്ക് കപ്പൽ സർവീസിന് ആലോചന

Monday 19 February 2024 12:28 AM IST

കൊല്ലം: കൊച്ചിയിൽ നിന്ന് കൊല്ലം അടക്കമുള്ള ഇടത്തരം തുറമുഖങ്ങളിലേയ്ക്ക് ചരക്ക് കപ്പൽ സർവീസിന് കേരള മാരിടൈം ബോർഡിന്റെ ആലോചന. സർവീസ് ലാഭകരമാകുന്നത് വരെ ഇന്ധന ചെലവിന്റെ 50 ശതമാനം സബ്സിഡിയായി നൽകിയാൽ സർവീസ് ആരംഭിക്കാമെന്ന മുംബയ് ആസ്ഥാനമായുള്ള കമ്പനിയുടെ ആവശ്യം കേരള മാരിടൈം ബോർഡ് പരിശോധിച്ച് വരികയാണ്.

50 ശതമാനം സബ്സിഡി നൽകിയാൽ കേരളത്തിൽ രണ്ട് കപ്പലോടിക്കാമെന്നാണ് മുംബയ് കമ്പനിയുടെ വാഗ്ദാനം. കേരളത്തിൽ തീരദേശ കപ്പൽ സർവീസ് പ്രോത്സാഹിപ്പിക്കാൻ കമ്പനികൾക്ക് മാരിടൈം ബോർഡ് നിലവിൽ ഇൻസെന്റീവ് നൽകുന്നുണ്ട്. അന്തരീക്ഷ മലിനീകരണവും റോഡിലെ തിരക്കും അപകട സാദ്ധ്യതകളും കുറയ്ക്കുകയെന്ന ലക്ഷ്യവും ഇൻസെന്റീവിന് പിന്നിലുണ്ട്. കപ്പലിന്റെ ഭാരശേഷിയിൽ നിന്ന് സർവീസിന് കിട്ടിയ ആകെ ചരക്കിന്റെ ഭാരം കുറച്ച് ഒരു ടണ്ണിന് ഒരു കിലോമീറ്ററിന് ഒരു രൂപ വീതമാണ് ഇൻസെന്റീവ് നൽകുന്നത്. മുംബയ് കമ്പനിയുടെ നിർദ്ദേശം എത്രത്തോളം സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കുമെന്ന് പരിശോധിച്ചിട്ടാകും അന്തിമ തീരുമാനം.

രണ്ട് വർഷം മുമ്പ് മുംബയ് ആസ്ഥാനമായുള്ള കമ്പനി സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് തീരദേശ കപ്പൽ സർവീസ് ആരംഭിച്ചിരുന്നെങ്കിലും ലാഭകരമല്ലാത്തതിനാൽ അവസാനിപ്പിക്കുകയായിരുന്നു. ഈ സർവീസിന്റെ ഭാഗമായി അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങളിൽ കൂടുതൽ തവണ കപ്പലെത്തിയിരുന്നു. എന്നാൽ മടക്കച്ചരക്ക് ലഭിക്കാഞ്ഞതിനാൽ ഈ സർവീസിന്റെ ഭാഗമായി ഒരു തവണ മാത്രമാണ് കൊല്ലം പോർട്ടിൽ കപ്പലെത്തിയത്.

ഐ.സി.പിക്ക് സത്യവാങ്മൂലം

ആവശ്യപ്പെട്ട് കേന്ദ്രം

കൊല്ലം പോർട്ടിൽ ഇമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്നതിന് മുന്നോടിയായി വിവിധ സേവനങ്ങൾ സജന്യമായി ലഭ്യമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന അഭ്യന്തര വകുപ്പിനോടും തുറമുഖ വകുപ്പിനോടും സത്യവാങ്മൂലം ആവശ്യപ്പെട്ടു. ഇമിഗ്രേഷൻ പോയിന്റിൽ നിയോഗിക്കുന്ന ജീവനക്കാർക്കുള്ള താമസ സൗകര്യം, ഓഫീസിൽ വൈദ്യുതി, വാഹന സൗകര്യം എന്നിവ സൗജന്യമായി ക്രമീകരിക്കണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ച സത്യവാങ്മൂലം വൈകാതെ സമർപ്പിക്കും. ഇമിഗ്രേഷൻ ജോലികൾക്ക് സഹായിക്കുന്ന 14 ഉദ്യോഗസ്ഥരുടെ പട്ടിക പരിശീലനം നൽകാനായി എത്രയും വേഗം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement
Advertisement