ഉപതിരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു

Monday 19 February 2024 12:38 AM IST

കോട്ടക്കൽ: നഗരസഭയിലെ രണ്ടാം വാർഡ്(ചുണ്ട), 14ാം വാർഡ് (ഈസ്റ്റ് വില്ലൂർ), മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് (കാച്ചിനിക്കാട് കിഴക്ക്) എന്നീ തദ്ദേശ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വാർഡ് പരിധിയിൽ വരുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉപതിരഞ്ഞെടുപ്പ് ദിവസമായ 22ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്‌റ്റേഷനുകളായും വോട്ടെണ്ണൽ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വോട്ടെടുപ്പിന്റെ തലേദിവസമായ ഫെബ്രുവരി 21നും അവധിയായിരിക്കും.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുവാനുളള അനുമതി അതത് സ്ഥാപന മേധാവികൾ നൽകണം. പൊതുപരീക്ഷ നടക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Advertisement
Advertisement