കാഴ്ച നഷ്ടപ്പെടാതെ കണ്ണിലെ കാൻസർ ചികിത്സ വിജയകരം

Monday 19 February 2024 12:00 AM IST

തിരുവനന്തപുരം : കണ്ണിലെ കാൻസർ ചികിത്സിക്കാനുള്ള ഒക്യുലാർ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ

തലശേരി മലബാർ കാൻസർ സെന്ററിൽ (എം.സി.സി) വിജയകരമായി നടത്തി. കണ്ണ് നീക്കം ചെയ്യാതെ കണ്ണിന്റെ കാഴ്ച നിലനിറുത്തിക്കൊണ്ടുള്ള ചികിത്സാരീതിയാണിത്. യുവിയൽ മെലനോമ ബാധിച്ച 55 വയസുകാരിയിലാണ് ശസ്ത്രക്രിയ വിജയകരമാക്കിയത്. ഇറക്കുമതി ചെയ്ത പ്ളാക്കുകളെക്കാൾ വളരെ കുറഞ്ഞ ചെലവിൽ ഭാഭ അറ്റോമിക് റിസർച്ച് സെന്റർ തദ്ദേശീയമായി നിർമ്മിച്ച റുഥേനിയം 106 പ്ലാക് ഉപയോഗിച്ചായിരുന്നു ചികിത്സ.

കേരളത്തിൽ ആദ്യമായാണ് ഇത്തരം ചികിത്സ നടത്തുന്നത്. ഡൽഹി എയിംസ്, ന്യൂഡൽഹി ആർമി ഹോസ്പിറ്റൽ, ചണ്ഡിഗഡ് ഗവ. മെഡിക്കൽ കോളേജ് എന്നിവ കഴിഞ്ഞാൽ ഈ ചികിത്സ നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സർക്കാർ ആശുപത്രിയായി ഇതോടെ എം.സി.സി മാറി. എം.സി.സിയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണിത്. എം.സി.സിയിലെ ഒക്യുലാർ ഓങ്കോളജി വിഭാഗവും റേഡിയേഷൻ ഓങ്കോളജി വിഭാഗവും ചേർന്നാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.

എം.സി.സി ഡയറക്ടർ ഡോ. ബി.സതീശന്റെ ഏകോപനത്തിൽ റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ.ഗീത, ഡോ.ജോനീത, ഡോ.ഗ്രീഷ്മ, ഡോ.ഫൈറൂസ്, ഡോ.ഹൃദ്യ, ഡോ. ശിൽപ, ഡോ.സോണാലി, സ്റ്റാഫ് നഴ്സുമാരായ ജിഷ, മനീഷ്, ശ്രീജിൽ തുടങ്ങിയവരടങ്ങുന്ന സംഘമാണ് ചികിത്സയിൽ പങ്കാളികളായത്.

അത്യാധുനിക റേഡിയേഷൻ

കണ്ണിലെ കാൻസർ ചികിത്സയ്ക്കുള്ള അത്യാധുനിക റേഡിയേഷൻ തെറാപ്പിയാണ് പ്ലാക് ബ്രാക്കിതെറാപ്പി

 ഈ ചികിത്സയിലൂടെ കാഴ്ച നഷ്ടമാകാതെ നിലനിറുത്താനാകും.

കണ്ണിന്റെ ഉപരിതലത്തിലെ മുഴകൾ, യൂവിയൽ മെലനോമ, റെറ്റിനോബ്ലാസ്റ്റോമ, കണ്ണിനുള്ളിലെ ട്യൂമറുകൾ എന്നിവയ്ക്ക് ഫലപ്രദം

റേഡിയോ ആക്ടീവ് ഐസോടോപ്പ് പ്ളാക് ശസ്ത്രക്രിയയിലൂടെ കണ്ണിലെ ട്യൂമറിന് മുകളിൽ നിക്ഷേപിക്കും.

റേഡിയേഷൻ ചികിത്സയുടെ കാലയളവിനുശേഷം ഇത് നീക്കം ചെയ്യും.

രോഗിയെ സൂക്ഷ്മമായി നിരീക്ഷിച്ച് രോഗശമനം ഉറപ്പാക്കും

Advertisement
Advertisement