ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ കലോത്സവം

Monday 19 February 2024 12:00 AM IST

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആദ്യ കലോത്സവം മാർച്ച് 3, 9,10 തീയതികളിൽ കൊല്ലത്ത് നടക്കും. കൊല്ലം കരിക്കോട് ടി.കെ.എം കോളേജിൽ ക്രമീകരിക്കുന്ന വേദികളിലാണ് മത്സരങ്ങൾ.

രചനാ മത്സരങ്ങൾ മൂന്നിനും സ്റ്റേജ് മത്സരങ്ങൾ 9,10 തീയതികളിലുമാണ് നടക്കുക. 22,000 വിദ്യാർത്ഥികളാണ് നിലവിൽ സർവകലാശാലയ്ക്ക് കീഴിലുള്ളത്. ഇതിൽ സർക്കാർ ജോലിയുള്ളവർ, പ്രവാസികൾ, വയോജനങ്ങൾ തുടങ്ങി വിവിധ തലത്തിലുള്ളവരുണ്ട്. ഞായറാഴ്ചകളിലാണ് സാധാരണ ക്ളാസുകൾ നടക്കുന്നതെങ്കിലും ഹാജർ നിർബന്ധമില്ല. വിദ്യാർത്ഥികൾ എന്ന നിലയിൽ ഇവർക്കെല്ലാം മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതിയുണ്ട്. നേരിട്ട് പങ്കെടുക്കണമെന്നുമാത്രം. 26 വയസിൽ താഴെയുള്ളവർക്ക് മാത്രമാണ് ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുള്ളത്. മത്സരങ്ങളിൽ വിജയിക്കുന്ന മറ്റുള്ളവർക്ക് സമ്മാനവും സർട്ടിഫിക്കറ്റും പരീക്ഷയിൽ ഗ്രേസ് മാർക്കും ലഭിക്കും.

രജിസ്ട്രേഷൻ 20 വരെ

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിവിധ കോഴ്സുകളിൽ പഠിക്കുന്നവർക്കാണ് യുവജനോത്സവത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്. 103 ഇനങ്ങളിലാണ് മത്സരം. 2000 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ മാസം 20 വരെ രജിസ്റ്റർ ചെയ്യാം. ഒരാൾക്ക് ആറ് സിംഗിൾ ഇനങ്ങളിലും മൂന്ന് ഗ്രൂപ്പ് ഇനങ്ങളിലും ഉൾപ്പടെ ഒൻപത് ഇനങ്ങളിൽ പങ്കെടുക്കാം. യുവജനോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം 21ന് വൈകിട്ട് 3ന് ടി.കെ.എം ആർട്സ് കോളേജിൽ നടക്കും.

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ആദ്യ ആർട്സ് ഫെസ്റ്റിവൽ എന്ന നിലയിൽ സവിശേഷതകൾ ഏറെയുണ്ട്. ഏറ്റവും മികച്ചതാക്കാനാണ് ശ്രമിക്കുന്നത്. വിവിധ പ്രായത്തിലുള്ളവർ പഠിതാക്കളായുണ്ട്. അവരുടെ സർഗശേഷികളെ ഉണർത്താനുള്ള അവസരം കൂടിയാണിത്

ബിജു കെ.മാത്യു, സിൻഡിക്കേറ്റ് മെമ്പർ

Advertisement
Advertisement