100ച.മീ വരെയുള്ള വീടുകൾക്ക് ഫീസില്ല, ദൂരപരിധി പാലിക്കാത്ത കെട്ടിടങ്ങളും ക്രമവത്കരിക്കാം
തിരുവനന്തപുരം: വിജ്ഞാപനം ചെയ്ത റോഡുകളിൽ നിന്ന് മൂന്ന് മീറ്റർ ദൂരപരിധി പാലിക്കാത്ത കെട്ടിടങ്ങളും ഇനി ക്രമവത്കരിക്കാം.കേരള മുനിസിപ്പാലിറ്റി അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കൽ ചട്ടങ്ങൾ 2023,കേരള പഞ്ചായത്ത് അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കൽ ചട്ടങ്ങൾ 2023എന്നിവയുടെ ഭേദഗതി സർക്കാർ പ്രാബല്യത്തിൽ വന്നതോടെയാണിത്. 2019നവംബർ 7നോ മുൻപോ നിർമ്മാണം ആരംഭിച്ചതോ പൂർത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്താനാവുക.മുൻവർഷങ്ങളിൽ 60ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെയായിരുന്നു ക്രമവത്കരണ അപേക്ഷാ ഫീസിൽ നിന്ന് ഒഴിവാക്കിയത്. ഈ ഇളവ് 100ച.മീ (1000 സ്ക്വയർ ഫീറ്റ്) വരെയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇതോടൊപ്പം ക്രമവത്കരണത്തിനുള്ള മുനിസിപ്പാലിറ്റിയുടെയും പഞ്ചായത്തിന്റെയും അപേക്ഷാ ഫീസ് ഏകീകരിക്കുകയും ചെയ്തു. വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും ക്രമവത്കരണത്തിന്റെ അപേക്ഷാഫീസും വെട്ടിക്കുറച്ചു.അംഗീകൃത നഗര വികസന പദ്ധതികൾക്ക് വിരുദ്ധമായത്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത്, നെൽവയൽ തണ്ണീർത്തട നിയമം ലംഘിക്കുന്നത് തുടങ്ങിയവ ഒഴികെയുള്ള കെട്ടിടങ്ങൾക്കാണ് ക്രമവത്കരണം സാദ്ധ്യമാകുന്നത്.വിവിധ തരം ചട്ടലംഘനങ്ങൾക്ക് വ്യത്യസ്ത നിരക്കിലുള്ള പിഴയാണ് ഒടുക്കേണ്ടത്.
പല കാരണങ്ങളാൽ ചട്ടലംഘനം ഉണ്ടായ നിരവധി കെട്ടിടങ്ങൾ ക്രമവത്കരിക്കാൻ സാധിക്കാത്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സർക്കാർ ഇടപെട്ടത്. കെട്ടിട ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.
- എം.ബി. രാജേഷ്
തദ്ദേശമന്ത്രി
എങ്ങനെ അപേക്ഷിക്കാം
1,നിശ്ചിതഫോറത്തിലുള്ള അപേക്ഷകൾ കെട്ടിടത്തിന്റെ പ്ലാനും അനുബന്ധരേഖകളും സഹിതം തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് സമർപ്പിക്കണം.
2,ചട്ടലംഘനത്തിനനുസരിച്ച് നിശ്ചിത നിരക്കിലുള്ള അപേക്ഷാ ഫീസും ഒടുക്കണം.
3,അപേക്ഷകൾ ജില്ല തലത്തിലുള്ള ക്രമവത്കരണ കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കും.
4,ജില്ലാ ക്രമവത്കരണ കമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുള്ളവർക്ക് സംസ്ഥാനതല അപ്പീൽ കമ്മിറ്റിയെ സമീപിക്കാം.
5,സംസ്ഥാനതല അപ്പീൽ കമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുള്ളവർക്ക് അപ്പലേറ്റ് അതോറിട്ടിയായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അപ്പീൽ നൽകാം.
ഫീസ് ഇങ്ങനെ
100ച.മീ മുകളിൽ 200 ച.മീ വരെ 1000രൂപ
200 മുതൽ 500വരെ 3500 രൂപ
500ന് മുകളിൽ 1000 വരെ 5000 രൂപ
1000ന് മുകളിൽ 10,000 രൂപയും അധികംവരുന്ന ഓരോ ചതുരശ്ര മീറ്ററിനും 50രൂപ വീതവും