ക്രിയേറ്റിവിറ്റി കോഴ്സുകൾക്ക് സാധ്യതയേറെ

Monday 19 February 2024 12:00 AM IST

രൂപകൽപന, ഭാവന എന്നിവയിൽ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് പ്ലസ് ടു വിനു ശേഷം ഫാഷൻ, ഡിസൈൻ, ആർക്കിടെക്ചർ, അനിമേഷൻ, ഫിലിം, ടെലിവിഷൻ തുടങ്ങിയ കോഴ്സുകൾ തിരഞ്ഞെടുക്കാം.

ഇതുമായി ബന്ധപ്പെട്ട കോഴ്സുകളിൽ പ്രവേശനത്തിന് പ്രത്യേക അഭിരുചി പരീക്ഷയുണ്ട്. നന്നായി വരയ്ക്കാനുള്ള കഴിവ്, എഴുതാനുള്ള ശേഷി, കമ്പ്യൂട്ടർ ഡിസൈൻ പരിജ്ഞാനം മുതലായവ പ്രത്യേകം വിലയിരുത്തും. പൊതുവിജ്ഞാനവും വിലയിരുത്തും.

ബി. ഡെസ്, ബി. ആർക്

ഡിസൈൻ, ഫാഷൻ കോഴ്സുകളിൽ നിരവധി ബിരുദ കോഴ്സുകളുണ്ട്. ഇവയിൽ പ്രധാനപ്പെട്ടവയാണ് ബി. ഡെസ് കോഴ്സുകൾ. ഫാഷൻ ഡിസൈൻ, അപ്പാരൽ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ, പ്രോഡക്ട് ഡിസൈൻ, സെറാമിക് ഡിസൈൻ, ഫുട്‌വെയർ ഡിസൈൻ, അനിമേഷൻ, ഡിസൈൻ, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്ക്രിപ്റ്റ് രചന, സംവിധാനം, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ന്യൂ മീഡിയ, ഡിജിറ്റൽ മീഡിയ ആൻഡ് മാനേജ്മെന്റ് തുടങ്ങിയ ഇവയിൽപ്പെടുന്നു.

പ്ലസ് ടു മാത്തമാറ്റിക്സ് അടക്കമുള്ള സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് അഞ്ചുവർഷ ബി.ആർക് കോഴ്സിന് അപേക്ഷിക്കാം. എൻജിനിയറിംഗ് സീറ്റുകളെ അപേക്ഷിച്ച് അഞ്ചു വർഷ ആർക്കിടെക്ചർ കോഴ്സിന് കേരളത്തിൽ 2000ത്തിൽ താഴെ സീറ്റുകൾ മാത്രമേയുളൂ. ആർക്കിടെക്ചർ, ഡിസൈൻ, പ്ലാനിംഗ്, ഉപഭോക്താവിന്റെ താത്പര്യത്തിനനുസരിച്ചുള്ള റിസർച്ച്, അനാലിസിസ്, ആശയരൂപീകരണം, നിർമ്മാണ സാമഗ്രികളുടെ സെലക്ഷൻ എന്നിവ ആർക്കിടെക്ടിന്റെ ചുമതലയിൽ പെടും. കോഴ്‌സ്‌ പൂർത്തിയാക്കിയവർക്ക് പ്രോജക്റ്റ് ആർക്കിടെക്ട്, ഡിസൈനർ, ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്ട്, ഇന്റീരിയർ ഡിസൈനർ, പ്രോജക്റ്റ് മാനേജർ, ഡിസൈൻ മാനേജർ, അർബൻ പ്ലാനർ, അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിക്കാം. അഞ്ച് വർഷ ബി. ആർക് പൂർത്തിയാക്കിയവർക്ക് ഉപരിപഠന ഗവേഷണ സാദ്ധ്യതകളുമുണ്ട്.

ആർക്കിടെക്ട് കോളേജ് കണ്ടെത്തുമ്പോൾ ഗുണനിലവാരം വിലയിരുത്തണം. യോഗ്യരായ അദ്ധ്യാപകർ, മികച്ച ഭൗതിക സൗകര്യം, മികവുറ്റ ലാബുകൾ, ഇന്റേൺഷിപ് സൗകര്യം, കാമ്പസ് പ്ലേസ്‌മെന്റ് എന്നിവയ്ക്ക് ഊന്നൽ നൽകണം. നല്ല ക്രിയേറ്റിവിറ്റി, വരയ്ക്കാനുള്ള കഴിവ്, കണക്കിൽ അഭിരുചി, പ്രൊഫഷനോട് താത്പര്യം എന്നിവയുള്ള വിദ്യാർത്ഥികൾക്ക് മികച്ച ഉപരിപഠന മേഖലയാണ് ബി.ആർക്. ആർക്കിടെക്ചർ കോഴ്സിന് അഡ്മിഷൻ ലഭിക്കാൻ NATA, AAT പരീക്ഷകളുണ്ട്.

നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ പൂർത്തിയാക്കിയാൽ എല്ലാ ആർക്കിടെക്ചർ കോളേജുകളിലും പ്രവേശനത്തിന് ശ്രമിക്കാം. ഐ.ഐ.ടികളിൽ ബി. ആർക് പ്രവേശനത്തിന് ജെ.ഇ.ഇ അഡ്വാൻസ്ഡ് സ്കോറിനോടൊപ്പം ആർക്കിടെക്ചർ ആപ്റ്റിട്യൂഡ് ടെസ്റ്റ് കൂടി പാസാകണം.

ഡിസൈൻ കോഴ്സുകൾ പഠിക്കാൻ ഐ.ഐ.ടികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ എന്നിവിടങ്ങളിലേക്ക് വിവിധ പ്രവേശന പരീക്ഷകളുണ്ട്. യൂസീഡ്, നിഫ്റ്റ് അഡ്മിഷൻ ടെസ്റ്റ്, എൻ.ഐ.ഡി അഭിരുചി പരീക്ഷ എന്നിവയുണ്ട്. ഫുട്‍വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രത്യേക പരീക്ഷയുമുണ്ട്. എൻ.ഐ.ഡി മെയിൻ പരീക്ഷ ഏപ്രിൽ 27, 28 തീയതികളിലാണ്. ഫുട്‍വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള പരീക്ഷ മേയ് 12 നാണ്. നിഫ്റ്റ് പ്രവേശന പരീക്ഷ ഫെബ്രുവരി അഞ്ചിനാണ്. നിരവധി ബി. ഡെസ് പ്രോഗ്രാമുകളാണ് ഡിസൈൻ സ്ഥാപനങ്ങൾ ഓഫർ ചെയ്യുന്നത്. കൂടാതെ നിഫ്റ്റിൽ ബി. എഫ് ടെക് കോഴ്സുമുണ്ട്. വിശദ വിവരങ്ങൾക്ക് www.uceediitb.ac.in, www.admissions.nid.edu, www.fddindia.com, www.nift.ac.in എന്നീ വെബ്സൈറ്റുകൾ കാണുക.

Advertisement
Advertisement