ഇലക്ഷൻ പിണറായിയുടെ വാട്ടർലൂ: കെ.സുധാകരൻ

Monday 19 February 2024 12:11 AM IST

തൃശൂർ:ലോക്‌സഭാ തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ വാട്ടർ ലൂ ആകുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. സമരാഗ്‌നിയുടെ ഭാഗമായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്‌സാലോജിക് കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന വിധിക്കുശേഷം പിണറായി വിജയന് സി.പി.എമ്മിൽ നിന്ന് പിന്തുണ കുറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും യു ടേൺ അടിച്ചു. പിണറായി യുഗത്തിന് അന്ത്യമാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയുടെ കുടുംബം നടത്തിയ സാമ്പത്തിക തട്ടിപ്പിനെ ന്യായീകരിച്ചാൽ നാറുമെന്ന് നേതാക്കൾക്ക് മനസിലായി. ജനരോഷം ഉണ്ടാകുമെന്ന തിരിച്ചറിവിലാണിത്. പതിവ് ന്യായീകരണ തൊഴിലാളികളായ നേതാക്കൾ പോലും പ്രതികരിക്കുന്നില്ല. എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന വിധിക്ക് ശേഷമാണ് അദാനിക്ക് വേണ്ടി വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സംസ്ഥാനത്തിന്റെ താൽപര്യം മുഖ്യമന്ത്രി ബലികഴിച്ചത്. അദാനിക്ക് അനുകൂലമായുള്ള നടപടി സി.പി.എം - ബി.ജെ.പി ഒത്തുതീർപ്പിന്റെ സൂചനയാണ്. ജനവികാരം യു.ഡി.എഫിനും കോൺഗ്രസിനും അനുകൂലമാണ്. ഇത് കൂടുതൽ ആത്മവിശ്വാസം പകരുന്നു. ജനങ്ങളുടെ വികാരം ഏറ്റെടുത്ത പ്രക്ഷോഭയാത്രയാണ് സമരാഗ്‌നിയെന്നും കെ.സുധാകരൻ പറഞ്ഞു.