മൂന്ന് നദികളിൽ മണൽ വാരൽ അടുത്ത മാസം, പ്രതീക്ഷിക്കുന്ന വരുമാനം 200 കോടി
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടു ജില്ലകളിലെ നദികളിൽ മണൽവാരൽ പുനരാരംഭിക്കാനുള്ള ജില്ലാതല സമിതികൾ ഈയാഴ്ച രൂപീകരിക്കും. ഒന്നേമുക്കാൽ കോടിയോളം മെട്രിക് ടൺ മണൽ ഇവിടങ്ങളിൽ നിന്ന് ഖനനം ചെയ്യാമെന്നാണ് സാൻഡ് ഓഡിറ്റിംഗിൽ കണ്ടെത്തിയത്. 1500 കോടിയെങ്കിലും ഇതിലൂടെ സർക്കാരിന് ലഭിക്കും.
32 നദികളിൽ നടത്തിയ ഓഡിറ്റിംഗിൽ കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മണൽ ഖനന സാദ്ധ്യതയുള്ള നദികൾ. ഇതിൽ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കടലുണ്ടി, ചാലിയാർ നദികളിൽ മാർച്ചിൽ മണൽ വാരൽ തുടങ്ങും. 200 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം. കോഴിക്കോട്, ഇടുക്കി, കോട്ടയം ജില്ലകളിലെ നദികളിൽ മണൽവാരലിന് സാദ്ധ്യതയില്ല.
കളക്ടർ അദ്ധ്യക്ഷനാവുന്ന ജില്ലാതല സമിതികളിൽ പരിസ്ഥിതി, തൊഴിലാളി സംഘടനാ പ്രതിനിധികൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവർ അംഗങ്ങളാവും. ജില്ലാസമിതിക്ക് കീഴിൽ ഓരോ നദികളുമായും ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻ ചെയർമാനായുള്ള കടവ് കമ്മിറ്റികൾക്കാണ് മണൽവാരി ലേലം ചെയ്യാനുള്ള ചുമതല. നദികളുടെ സംരക്ഷണത്തിനൊപ്പം സംസ്ഥാനത്ത് മണൽ ക്ഷാമത്തിനും ഒരു പരിധിവരെ പരിഹാരമാകും.
മണൽവാരുന്നതിന് സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസെസ്‌മെന്റ് അതോറിറ്റിയുടെ ക്ളിയറൻസ് സുപ്രീംകോടതി നിർബന്ധമാക്കിയതോടെയാണ് 2016ൽ മണൽവാരൽ നിലച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും വിജ്ഞാപനം പുറപ്പെടുവിച്ചു. തുടർന്ന് റവന്യു വകുപ്പ് പ്രത്യേക മാർഗനിർദ്ദേശം പുറപ്പെടുവിച്ച് മണൽവാരലിന് നടപടി സ്വീകരിച്ചെങ്കിലും അംഗീകൃത കൺസൾട്ടന്റുമാർ മുഖേനയേ പദ്ധതി തയ്യാറാക്കാൻ പാടുള്ളു എന്ന് 2020ൽ ദേശീയ ഹരിത ട്രൈബ്യൂണൽ വിധിച്ചു. തുടർന്ന് 2022 ഫെബ്രുവരി 14ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മണൽവാരൽ പുനരാരംഭിക്കുന്നത്.
സംസ്ഥാനത്ത് ഖനനം
ചെയ്യാവുന്ന മണൽ
1,70,21,825.73 മെട്രിക് ടൺ
ഭാരതപ്പുഴ
54,55,545 മെട്രിക് ടൺ
ചാലിയാർ
2,80,830 മെട്രിക് ടൺ
കടലുണ്ടി
17,556 മെട്രിക് ടൺ