പത്തനംതിട്ടയിൽ ആന്റോയെ നേരിടാൻ തോമസ് ഐസക്
പത്തനംതിട്ട: സി.പി.എം കേന്ദ്രക്കമ്മിറ്റിയംഗം ഡോ. ടി.എം. തോമസ് ഐസക് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ തോമസ് ഐസക്കിന്റെ പേര് അംഗീകരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പുത്തലത്ത് ദിനേശനും ആനാവൂർ നാഗപ്പനും യോഗത്തിൽ പങ്കെടുത്തു. ഇന്നലെ നടന്ന ജില്ലാ കമ്മറ്റി യോഗത്തിലും തോമസ് ഐസക്കിനെ സ്ഥാനാർത്ഥിയായി അംഗീകരിച്ചു. തോമസ് ഐസക്കിനൊപ്പം മുൻ റാന്നി എം.എൽ.എ രാജുഏബ്രഹാമിനെയും പത്തനംതിട്ട മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു. തോമസ് ഐസക്കിനോട് പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കാൻ ജില്ല സെക്രട്ടേറിയറ്റ് യോഗം നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥാനാർത്ഥി ചർച്ചയുടെ ഭാഗമായി ജില്ലയിലെ നേതാക്കളുടെ അഭിപ്രായം തേടിയിരുന്നു. സി.പി.എമ്മിന്റെ പത്തനംതിട്ടയിലെ സംഘടനാ ചുമതലയുള്ള തോമസ് ഐസക് ഏറെ നാളായി ജില്ലയിൽ സജീവമാണ്.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിലവിലെ എം.പി ആന്റോ ആന്റണി തുടർച്ചയായി നാലാമൂഴത്തിനാണ് രംഗത്തിറങ്ങുന്നത്. പാർട്ടിയുടെ പ്രഖ്യാപനം വരുംമുൻപ് മണ്ഡലത്തിൽ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങി. പത്തനംതിട്ട മണ്ഡലം രൂപീകൃതമായ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം നേതാവ് കെ. അനന്തഗോപനെ പരാജയപ്പെടുത്തി. തുടർന്ന് നടന്ന തിരഞ്ഞെടുപ്പുകളിൽ ഇടതു സ്വതന്ത്രൻ പീലിപ്പോസ് തോമസ്, സി.പി.എം സ്ഥാനാർത്ഥി വീണാജോർജ് എന്നിവരായിരുന്നു എതിരാളികൾ. നിലവിലെ എം.പിമാർ മത്സരിക്കണമെന്ന എ.ഐ.സി.സി നിർദ്ദേശമാണ് ആന്റോ ആന്റണിക്ക് വീണ്ടും അവസരം നൽകിയത്.
ബി.ജെ.പി ചിത്രത്തിൽ 3 പേർ
താമര ചിഹ്നത്തിലായിരിക്കും പത്തനംതിട്ടയിലെ മത്സരമെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നുണ്ടെങ്കിലും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അഭ്യൂഹം തുടരുന്നു. ബി.ജെ.പിയിലെത്തിയ പി.സി. ജോർജ്, അല്ലെങ്കിൽ മകൻ ഷോൺ ജോർജ്, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള എന്നിവരുടെ പേരുകളാണ് കേൾക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന പത്തനംതിട്ടയിൽ കഴിഞ്ഞ തവണ കെ.സുരേന്ദ്രനായിരുന്നു ബി.ജെ.പി സ്ഥാനാർത്ഥി.