മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിലേക്ക് പ്രവഹിച്ചത് കോടികൾ: വി.ഡി.സതീശൻ

Monday 19 February 2024 12:16 AM IST

തൃശൂർ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ മകളുടെ ഷെൽ കമ്പനിയിലേക്ക് കോടിക്കണക്കിന് രൂപയാണ് പ്രവഹിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. എസ്.എഫ്.ഐ.ഒ അന്വേഷണം എട്ടുമാസമാക്കിയത് സംഘപരിവാർ - സി.പി.എം ഒത്തുതീർപ്പ് ചർച്ചകൾക്കായാണ്. അന്വേഷണം അവസാനിക്കും വരെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനിൽക്കണം.

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട വിവാദം ഉണ്ടാകും മുമ്പ് 2021 ഒക്ടോബർ ഒന്നിന് കർണാടകത്തിലെ രജിസ്ട്രാർ ഒഫ് കമ്പനീസ് എക്‌സാലോജിക്കിനോട് വിശദീകരണം ചോദിച്ചതായി വ്യക്തമാക്കുന്നുണ്ട്. എക്‌സാലോജിക് കമ്പനിയിലേക്ക് വിവിധ ചാരിറ്റബിൾ സ്ഥാപനങ്ങളും കമ്പനികളും എല്ലാ മാസവും പണം അയയ്ക്കാറുണ്ടായിരുന്നു.

ആരാണ് പണം അയച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ ഒഫ് കമ്പനീസ് എക്‌സാലോജിക്കിന് കത്ത് നൽകിയിട്ടുണ്ടെന്നും വിധിയിലുണ്ട്. സി.എം.ആർ.എൽ മാത്രമല്ല മറ്റ് പല സ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവർ എല്ലാ മാസവും പണം അയച്ചിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് വിധിയിലുള്ളത്. ഒരു സർവീസും നൽകാതെ ഈ കമ്പനിയിലേക്ക് എങ്ങനെയാണ് പണം എത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വർണക്കള്ളക്കടത്തിലും ലൈഫ് മിഷനിലും കെ ഫോണിലും മെഡിക്കൽ സർവീസസ് കോർപറേഷനിലും ഉൾപ്പെടെ അഴിമതിയാണ്. കമിഴ്ന്ന് വീണാൽ കാൽപ്പണവുമായി പൊങ്ങുന്ന അഴിമതിക്കാരാണ് സംസ്ഥാന സർക്കാരെന്ന് തെളിയിച്ചു.

2021ൽ രജിസ്ട്രാർ ഒഫ് കമ്പനീസ് എക്‌സാലോജിക്കിന് കത്തയച്ചിട്ടും കേന്ദ്ര ഏജൻസികൾ അതിനുമുകളിൽ അടയിരിക്കുകയായിരുന്നു. വിവാദമായപ്പോഴാണ് അന്വേഷണം തുടങ്ങിയത്. പിണറായി വിജയൻ അഴിമതിക്കാരനാണെന്ന് തെളിയിക്കപ്പെട്ടാൽ എൽ.ഡി.എഫ് തകരും. അങ്ങനെ തകരുമ്പോൾ യു.ഡി.എഫും കോൺഗ്രസുമാകും ഗുണഭോക്താക്കൾ. അതുകൊണ്ടാണ് സി.പി.എമ്മും ബി.ജെ.പിയും സന്ധി ചെയ്യുന്നതെന്നും സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

Advertisement
Advertisement