സിറോ മലബാർ സഭ ആവശ്യം, തിര. വിജ്ഞാപനത്തിന് മുമ്പ് നാല് ആവശ്യങ്ങൾ നടപ്പാക്കണം

Monday 19 February 2024 12:18 AM IST

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പായി നാലിന ആവശ്യങ്ങൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് സിറോ മലബാർസഭ ആവശ്യപ്പെട്ടു. ജസ്റ്റിസ് ജെ.ബി കോശി റിപ്പോർട്ട് പുറത്തുവിടുക, ഇ.ഡബ്ല്യു.എസ് മാനദണ്ഡങ്ങൾ പരിഷ്‌കരിക്കുക, ഇതിൽ കേന്ദ്രനിർദ്ദേശം നടപ്പാക്കുക, വന്യമൃഗശല്യം നിയന്ത്രിക്കുക എന്നിവയാണ് ആവശ്യം. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്താണ് ആവശ്യങ്ങൾ ഉന്നയിച്ചത്.

കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിച്ച് ജെ.ബി.കോശി കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. 2020 ജനുവരി മൂന്നിന് സംവരണരഹിത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള സംവരണ (ഇ.ഡബ്ല്യു.എസ്) മാനദണ്ഡങ്ങൾ കേന്ദ്ര മാർഗനിർദ്ദേശ പ്രകാരം പരിഷ്‌കരിക്കാനും നടപടിയെടുക്കണം. ഇതിന് മുഖ്യമന്ത്രി നിർദ്ദേശം നൽകണം.

മനുഷ്യവാസ മേഖലകളിൽ നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തുന്ന വന്യമൃഗങ്ങളെ വനാതിർത്തിയിൽത്തന്നെ തടയാൻ സംവിധാനം വേണം. വനം, വന്യജീവി നിയമങ്ങൾ മനുഷ്യപക്ഷത്തുനിന്ന് നടപ്പാക്കാൻ വനപാലകർക്ക് നിർദ്ദേശം നൽകണം. വനം, വന്യജീവി നിയമങ്ങളിലെ മനുഷ്യവിരുദ്ധ വകുപ്പുകൾ ഒഴിവാക്കി ഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാകണം.

Advertisement
Advertisement