പൊന്നാനിയിൽ ഒഴിഞ്ഞുമാറി ജലീൽ; വിജയം കണക്കുകൂട്ടി സി.പി.എം

Monday 19 February 2024 12:19 AM IST

മലപ്പുറം: പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ സി.പി.എം സാദ്ധ്യതാ പട്ടികയിൽ ഇടംപിടിച്ച കെ.ടി.ജലീൽ മത്സരത്തിൽ നിന്നു ഒഴിഞ്ഞുമാറിയതായി വിവരം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പി.വി.അൻവറിനു പകരം കെ.ടി.ജലീലിനെ പരിഗണിച്ചപ്പോൾ ഇനി മത്സര രംഗത്തേക്കില്ലെന്ന് ജലീൽ വ്യക്തമാക്കിയിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പിൽ പൊന്നാനി ലോക്‌സഭ പരിധിയിലെ നിയോജകമണ്ഡലങ്ങളിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ ഏഴായിരം വോട്ടിന്റെ വ്യത്യാസമേയുള്ളൂ. വിജയ സാദ്ധ്യതയുള്ള മണ്ഡലമായാണ് സി.പി.എം വിലയിരുത്തുന്നത്.

സമസ്തയിലെ ലീഗ് അനുകൂല നേതാക്കളുമായി ഇടഞ്ഞിരുന്ന കെ.ടി.ജലീൽ സി.പി.എം നി‌ർദ്ദേശപ്രകാരം സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുമായും അനുകൂലികളുമായും മികച്ച ബന്ധമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. ജിഫ്രി തങ്ങൾക്കെതിരായ ലീഗനുകൂലികളുടെ സൈബർ ആക്രമണത്തിൽ പരസ്യനിലപാടെടുത്തു.

ജലീലിലൂടെ ലീഗിന്റെ വോട്ടുകൾ കാര്യമായി ചോർത്താനാവില്ലെങ്കിലും സമസ്തയുടെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാനാവുമെന്ന വിലയിരുത്തലിലാണ് സി.പി.എം. ജലീൽ മത്സരിച്ചാൽ സിറ്റിംഗ് എം.പി ഇ.ടി.മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റി പൊന്നാനിയിൽ യുവനേതാവിനെ രംഗത്തിറക്കാനും ലീഗിൽ ആലോചനയുണ്ട്.

മത്സരം തീപാറും

പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ താനൂർ, തവനൂർ, തൃത്താല, പൊന്നാനി എന്നീ നിയമസഭാ മണ്ഡലങ്ങൾ എൽ.ഡി.എഫിന്റെ കൈയിലാണ്. മന്ത്രി എം.ബി.രാജേഷിന്റെ മണ്ഡലമായ തൃത്താലയിലും കെ.ടി.ജലീലിന്റെ മണ്ഡലമായ തവനൂരിലും പൊന്നാനിയിലും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി. മന്ത്രി വി.അബ്ദുറഹിമാന്റെ മണ്ഡലമായ താനൂരിലും ലീഗിന്റെ മണ്ഡലമായ തിരൂരിലും ചെറിയ മുൻതൂക്കമേ കണക്കുകൂട്ടുന്നുള്ളൂ. കോട്ടയ്ക്കൽ, തിരൂരങ്ങാടി മണ്ഡലങ്ങളിൽ ലീഗിനു വലിയതോതിൽ വോട്ടു കിട്ടുമെന്നും തൃത്താല,​ തവനൂർ എന്നിവിടങ്ങളിലെ വോട്ടുകളിലൂടെ ഇതു മറികടന്നാൽ,​ കാൽലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കാനാവുമെന്നുമുള്ള പ്രതീക്ഷയിലാണ് സി.പി.എം.

Advertisement
Advertisement