എം.വി.ബാലകൃഷ്‌ണൻ കാസർകോട്ട് സി.പി.എം സ്ഥാനാർത്ഥിയാകും

Monday 19 February 2024 12:20 AM IST

കാസർകോട്: കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും. ജില്ലാ സെക്രട്ടേറിയറ്റ് ഐകകണ്ഠ്യേനയാണ് മുതിർന്ന നേതാവായ ഇദ്ദേഹത്തിന്റെ പേര് സംസ്ഥാന നേതൃത്വത്തിന് ശുപാർശ ചെയ്തത്. 21ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ അംഗീകാരത്തിനുശേഷം 23ന് ചേരുന്ന സംസ്ഥാന പാർലമെന്ററി കമ്മിറ്റി യോഗം ഔദ്യോഗികമായി പ്രഖ്യാപിക്കും.

റിട്ട. അദ്ധ്യാപകനും മികച്ച പ്രഭാഷകനും ജനകീയനുമാണ് ബാലകൃഷ്ണൻ. പാർട്ടി ജില്ലാ സെക്രട്ടറി എന്ന നിലയിൽ ജില്ലയിൽ സുപരിചിതനാണ്. ഇദ്ദേഹം സ്ഥാനാർത്ഥിയാകുന്നതോടെ ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല സംസ്ഥാന കമ്മിറ്റി അംഗമായ ഉദുമ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പുവിന് കൈമാറിയേക്കും.

Advertisement
Advertisement