ഭിന്നിപ്പിന്റെ ശക്തികളെ തിരിച്ചറിയണം:മുഖ്യമന്ത്രി

Monday 19 February 2024 12:23 AM IST

കരിപ്പൂ‌ർ: ഭിന്നിപ്പിച്ച് രാഷ്ട്രീയലാഭം നേടാനുള്ള ശ്രമമാണ് കേന്ദ്രം ഭരിക്കുന്നവർ ചെയ്യുന്നതെന്നും ഇത് ജനം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കരിപ്പൂരിൽ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമം ഉണ്ടാക്കുന്നത് ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വച്ചാണ്. ഇതുവഴി തീവ്രദേശീയതയുടെ പേരിൽ പാർട്ടി വളർത്താനാണ് ശ്രമം. ഭിന്നിപ്പിന്റെ ശക്തികളെ തിരിച്ചറിയണം. മനുഷ്യ സാഹോദര്യം ഉറപ്പുവരുത്തണം.

കെ.എൻ.എം മർകസുദഅ്വ സെക്രട്ടറി എൻ.എം. അബ്ദുൾ ജലീൽ, സംസ്ഥാന പ്രസിഡന്റ് ഇ.കെ.അഹമ്മദ് കുട്ടി, ഡോ.ശശി തരൂർ എം.പി, പി.കെ.കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി എം.പി, വി.പി മുഹമ്മദാലി, എം.പി.അഹമ്മദ്, സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി തുടങ്ങിയവർ പ്രസംഗിച്ചു.