ബി.ജെ.പിക്ക് ഒത്താശ ചെയ്ത യു.ഡി.എഫിനെ ഒറ്റപ്പെടുത്തണം : തോമസ് ഐസക്

Monday 19 February 2024 12:58 AM IST

അടൂർ: കേരളത്തിലെ പാവപ്പെട്ടവർക്ക് നൽകുന്ന ക്ഷേമ പെൻഷനുകൾ തടയാൻ ഗൂഢാലോചന നടത്തിയ ബി.ജെ.പിക്ക് ഒത്താശ ചെയ്ത യു.ഡി.എഫിനെ ഒറ്റപ്പെടുത്തണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. കെ.എസ്‌.കെ.ടി.യു നേതൃത്വത്തിൽ അടൂരിൽ നടന്ന പാവങ്ങളുടെ പടയണിയിൽ സംസാരിക്കുകയായിരുന്നു ഐസക്ക്.
600 രൂപയായിരുന്ന ക്ഷേമപെൻഷൻ 18 മാസം കൊടുക്കാതിരുന്നത് ഉമ്മൻചാണ്ടി സർക്കാരായിരുന്നു. പിണറായി സർക്കാർ വന്നപ്പോൾ 18 മാസത്തെ കുടിശ്ശിക നൽകുക മാത്രമല്ല ചെയ്തത് 1000 രൂപ വർദ്ധിപ്പിക്കുകയും ചെയ്തു. ഇതോടെ പാവപ്പെട്ടവരുടെ കൈയിൽ മാസംതോറും 1600 രൂപ എത്തിയത് തടയാൻ കേന്ദ്ര സർക്കാർ നീക്കം നടത്തി. ക്ഷേമപെൻഷൻ നൽകാൻ രൂപീകരിച്ച പെൻഷൻ കമ്പനി വായ്പയെടുക്കുന്നത് തടഞ്ഞാണ്, കേരളത്തിലെ ക്ഷേമപെൻഷൻ കേന്ദ്രം തടഞ്ഞത്. ഇതിന് കേരളത്തിലെ യു.ഡി.എഫ് ഒത്താശയും ചെയ്തു. കേരളത്തിൽ നിന്ന് 19 യു.ഡി.എഫ് എം.പിമാർ പാർലമെന്റിൽ ഉണ്ടായിട്ടും ഒരു എം.പി പോലും ക്ഷേമപെൻഷൻ തടഞ്ഞതിനെക്കുറിച്ച് പാർലമെന്റിൽ സംസാരിക്കാൻ തയ്യാറായില്ല. ബി.ജെ.പിയുടെ ഗൂഢാലോചനയ്ക്കും യുഡിഎഫിന്റെ ഒത്താശയ്ക്കുമെതിരെ പ്രതികരിക്കാനുള്ള അവസരമാണ് വരാൻ പോകുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

Advertisement
Advertisement