ചക്കര വിളിച്ചറിയിക്കും, വന്യമൃഗത്തിന്റെ സാന്നിദ്ധ്യം

Monday 19 February 2024 12:54 AM IST
ജയന്റെ ശരീരത്ത് കയറിയിരിക്കുന്ന മലയണ്ണാൻ

സുൽത്താൻ ബത്തേരി: വീടിന് സമീപത്തെങ്ങാൻ വല്ല വന്യമൃഗങ്ങളുമെത്തിയാൽ വീട്ടുകാരെ വിളിച്ചറിയിക്കാൻ ചക്കരയുണ്ട്. വന്യജീവികളുടെ ഗണത്തിൽപ്പെട്ടതാണ് ആറുമാസം പ്രായമുള്ള ചക്കരയെങ്കിലും തന്റെ യജമാനനെ ആക്രമിക്കാൻ വരുന്ന ആന, കടുവ, കാട്ടുപോത്ത് എന്നിവയിൽ നിന്നും സംരക്ഷണം നൽകുന്നതിനായി മുന്നറിയിപ്പ് നൽകുകയാണ് ചെയ്തു വരുന്നത്.

നൂൽപ്പുഴ പഞ്ചായത്തിലെ വനഗ്രാമമായ പങ്കളം കാട്ടുനായ്ക്ക കോളനിയിലെ ജയൻ-സിന്ധു ദമ്പതികളുടെ വളർത്ത് ജീവിയായ മലയണ്ണാനാണ് യജമാനനെ സംരക്ഷിച്ചു വരുന്ന ചക്കര. ഏതെങ്കിലും വന്യമൃഗമോ അപരിചിതരോ കോളനിയിലെത്തിയാൽ ഉച്ചത്തിൽ ചിലച്ച് യജമാനന്റെ ശ്രദ്ധ തിരിക്കും. ജയന്റെ വീടിനോട് ചേർന്ന പുളിമരത്തിലാണ് ചക്കരയുടെ താമസം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ശത്രുക്കളുടെ സാന്നിദ്ധ്യം യജമാനനെ ചിലച്ച് അറിയിക്കും

രാത്രി കാലങ്ങളിൽ പലപ്പോഴും കാട്ടാന ഒറ്റയ്ക്കും കൂട്ടമായും കോളനിയിലെത്തിയിരുന്നു. അന്നേരമെല്ലാം കോളനിവാസികളെ ചിലച്ച് ശബ്ദമുണ്ടാക്കി ആനയുടെ സാന്നിദ്ധ്യം വിളിച്ചറിയിക്കുകയും, അപകടം ഒഴിവാക്കാൻ കഴിഞ്ഞതും ചക്കരയുടെ അവസരോചിതമായ ഇടപെടലാണ്. ഇന്ന് കോളനിവാസികളുടെ കാവൽക്കാരനാണ് ചക്കര
ജയനും സിന്ധുവും ചക്കരെയെന്ന് നീട്ടിവിളിച്ചാൽ ഓടിയെത്തി ഇവരുടെ ദേഹത്ത് കയറിയിരിക്കും.

ആറുമാസം മുമ്പ് ജയൻ വനത്തിൽ തേനെടുക്കാൻ പോയപ്പോഴാണ് ചക്കരയെ കിട്ടിയത്. ജനിച്ച് ദിവസങ്ങൾ പിന്നിട്ട അണ്ണാൻ കുഞ്ഞിനെ പാലു കൊടുത്താണ് വളർത്തിയത്. ചക്കര എന്ന് പേരിട്ടു. ആദ്യം കുടിലിനകത്തായിരുന്നു താമസം പിന്നീട് വീടിനോട് ചേർന്ന ബോഗയിൽ വില്ലയിലാക്കി ' ഈ കാലയളവിലാണ് ഒരു കാവൽക്കാരന്റെ ജോലി തുടങ്ങിയത്. ഉയർന്ന മരത്തിന്റെ മുകളിൽ കയറിയാൽ ദൂര കാഴ്ച കിട്ടുമെന്ന് കണ്ടതിനാലാണെന്ന് തോന്നുന്നു താമസം സമീപത്തെ പുളി മരത്തിലേയ്ക്ക് ആക്കി. സ്വന്തം വാലിലെ രോമങ്ങൾ പറിച്ച് കൂടൊരുക്കുകയും ചെയ്തു. കൂട്ടിലിരുന്നു വീക്ഷിക്കുകയാണ് ചക്കര ചെയ്തു വരുന്നത്.

മലയണ്ണാൻ തെങ്ങിൽ കയറി മച്ചിങ്ങയും കരിക്കുമെല്ലാം തുരന്ന് തിന്നുകയും പറിച്ച് നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇവിടെ അണ്ണാൻ കോളനിവാസികളുടെ രക്ഷകനായി കഴിയുന്നത്. കോളനിയിൽ ആവശ്യത്തിന് തെങ്ങുകളുണ്ടെങ്കിലും ഇതിൽ ഒന്നിൽ നിന്ന് പോലും കരിക്ക് പറിക്കുകയോ മച്ചിങ്ങ പറിച്ച് നശിപ്പിക്കുകയോ ചെയ്യാറില്ല. ജയൻ-സിന്ധു ദമ്പതികൾക്ക് മൂന്ന് പെൺമക്കളാണ്. കുപ്പാടി ഗവ:ഹൈസ്‌കൂളിൽ പഠിക്കുന്ന അനുപ്രിയാ കൃഷ്ണപ്രിയ, കല്ലൂർ രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പഠിക്കുന്ന നൈനപ്രിയ. ഇവരുടെ നാലമത്തെ മകനായിട്ടാണ് ചക്കരയെ കാണുന്നത്.

Advertisement
Advertisement