സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

Monday 19 February 2024 1:22 AM IST

ഭർത്താവിനും മക്കൾക്കും പരിക്ക്

തിരുവനന്തപുരം: ദേശീയപാതയിൽ കല്ലമ്പലം ആഴാംകോണം ജംഗ്ഷനു സമീപം സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ആഴാംകോണം മുല്ലമംഗലം വൈഗാ ലാൻഡിൽ പരേതരായ വിജയകുമാരിയുടെയും ഗോപിനാഥക്കുറുപ്പിന്റെയും മകൾ ശ്രീലക്ഷ്മിയാണ് (28) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് രഞ്ജുലാലിനും മകൾ വൈഗയ്ക്കും പരിക്കേറ്റു. ഒന്നര വയസുള്ള മകൾ നൈഗ പരിക്കുകളില്ലാതെ രക്ഷപെട്ടു.

കഴിഞ്ഞദിവസം രാത്രി 12ഓടെയായിരുന്ന സംഭവം. കീഴൂർ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരുടെ സ്കൂട്ടർ എതിർദിശയിൽ വന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. റോഡ് സൈഡിലെ ഫെൻസിംഗിൽ കഴുത്ത് ഇടിച്ച ശ്രീലക്ഷ്മിക്ക് ആഴത്തിൽ മുറിവേറ്റു. രക്തം വാർന്ന് ഏറെ നേരം റോഡിൽ കിടന്ന ഇവരെ ഡീസന്റ്മുക്ക് സ്വദേശി സിയാദ് കാറിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീലക്ഷ്മി മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അബുദാബിയിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രഞ്ജുലാൽ ഒരാഴ്ച മുൻപാണ്‌ നാട്ടിലെത്തിയത്.

ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി റോഡിലെ ഇരുട്ടും കുഴികളും കാരണം പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയാകുന്നതായി നാട്ടുകാർ പറഞ്ഞു. കരാറുകാരന്റെ അനാസ്ഥയും അശ്രദ്ധയുമാണ്‌ അപകടങ്ങൾക്കു കാരണമെന്നാണ് ആരോപണം.