''എന്റെ മോൻ ശരത് മരിച്ചിട്ടില്ല, കനിവുകിട്ടാൻ മരിക്കണോ?...''

Monday 19 February 2024 1:24 AM IST

പാക്കം(വയനാട് ): ''എന്റെ മോൻ മരിച്ചിട്ടില്ല, എന്തെങ്കിലും ആനുകൂല്യം കിട്ടാൻ മരിക്കണോ? അല്ലെങ്കിലും അവനിപ്പോൾ മരിച്ചതു പോലെയെല്ലേ. മോനെ തിരിഞ്ഞുനോക്കാൻ ആരുമില്ല, ജീവച്ഛവമായി അവൻ കിടക്കാൻ തുടങ്ങിയിട്ട് 22 ദിവസമായി. മരിച്ചാലേ എന്തെങ്കിലും ആനുകൂല്യം കിട്ടുമെന്നുണ്ടോ? ആദിവാസികളായിപ്പോയില്ലേ. ഞങ്ങൾക്കുവേണ്ടി സമരം ചെയ്യാനും റോഡ് തടയാനും ആരുമില്ല. എന്റെ മോൻ ഒന്ന് എണീറ്റ് നടന്നാൽ മതിയായിരുന്നു..""കാരേരി നായ്ക്ക കോളനിയിലെ വിജയന്റെ ഭാര്യ കമലാക്ഷി കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു. അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ശരത്തിന്റെയും കണ്ണ് നിറഞ്ഞു. അവൻ എല്ലാം അറിയുന്നുണ്ട്. തൊട്ട് അക്കരെ പടമലയിൽ പനച്ചിയിൽ ജോയി ചേട്ടനെയും അയൽവാസിയായ സോന ചേച്ചിയുടെ പപ്പ പോളേട്ടനെയും കാട്ടാന ചവിട്ടിക്കൊന്നതുമെല്ലാം. അവരുടെ വീടുകൾ സന്ദ‌ർശിക്കാൻ ഇന്നലെ അലഹബാദിൽ നിന്ന് രാഹുൽഗാന്ധി കൊച്ചുവെളുപ്പാൻ കാലത്ത് എത്തിയതും ഇന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വരുന്നതുമെല്ലാം ശരതിനറിയാം. എന്താണ് ശരത്തിന് പറ്റിയത്‌‌‌‌?.

കഴിഞ്ഞ ജനുവരി 28ന് കോളനിക്കടുത്തുളള പുഴമൂല കോളനിയിൽ ഒരുകല്യാണ ചടങ്ങിന് പോയതാണ് ശരത്. ഒപ്പം മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. രാത്രി ഒമ്പത് മണിയോടെ വീടിനടുത്ത് എത്തിയപ്പോൾ കാട്ടാന ചിന്നം വിളിച്ച് മുന്നിൽ ചാടി. ഒപ്പമുളളവർ മൂന്ന് പേരും ഓടി. ശരത്തിന്റെ കാലിൽ വളളി കുടുങ്ങിയതിനാൽ തടഞ്ഞുവീണു. ആന തുമ്പിക്കൈ കൊണ്ട് വയറിന് ചുറ്റിപ്പിടിച്ച് ദൂരേക്ക് വലിച്ചെറിഞ്ഞു. കൂട്ടുകാർ നിലവിളിച്ചു. ആന പിന്നെയും വന്ന് ശരത്തിനെ ചവിട്ടിക്കൊല്ലാൻ തുനിഞ്ഞതായിരുന്നു. കൂട്ടുകാർ ബഹളം വച്ചപ്പോൾ ആന പിന്തിരിഞ്ഞു. ബോധം നഷ്ടപ്പെട്ട ശരത്തിനെ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചു. പരിക്ക് ഗുരതരമായതിനാൽ കോഴിക്കേടേക്ക് റഫർ ചെയ്തു. അവിടെ രണ്ടാഴ്ച കിടന്നു. ഒരു മാറ്റവുമില്ല. ശരത്തിന്റെ ഇടുപ്പെല്ല് തകർന്നിരുന്നു. മലമൂത്രവിസർജ്ജനം എല്ലാം കിടന്നിടത്തു തന്നെ. അമ്മ കമലാക്ഷിയും കോളനിയിലെ കനക, ലീല, മാച്ചി എന്നിവരും ചേർന്ന് ഇന്നലെ കാട്ടാന ചവിട്ടിക്കൊന്ന പോളിന്റെ വീട്ടിൽ പോയിരുന്നു. പോളിന് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്ന നാട്ടുകാരുടെ സമരത്തിൽ കമലാക്ഷിയും അണിചേർന്നു. പക്ഷേ, സ്വന്തം മകനുവേണ്ടി ആരും ഒന്നും പറഞ്ഞില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ വനം വകുപ്പുകാർ വന്ന് പന്ത്രണ്ടായിരം രൂപ നൽകിയിരുന്നു. അതാണ് ആകെ കിട്ടിയത്. കടത്തിൽ നിന്ന് കടത്തിലേക്കാണ് ഈ കുടുംബം. തുടർചികിത്സക്ക് പണമൊന്നും കൈയിലില്ല. അച്ഛൻ വിജയനും കമലാക്ഷിയും തൊഴിലുറപ്പിന് പോയിട്ടാണ് കുടുംബം കഴിയുന്നത്. പുൽപ്പളളി വിജയ ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയാണ്. രവി,അനീഷ്,അജിത് എന്നിവർ സഹോദരങ്ങൾ.

''തുടർ ചികിത്സയും പഠനവും ചെയ്യേണ്ടതുണ്ട്. അത് സംബന്ധിച്ച് എത്രയും വേഗം തീരുമാനം കൈക്കൊളളണം.വനം വകുപ്പും ട്രൈബൽ വകുപ്പും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കണം.''

ബിന്ദുപ്രകാശ്

ജില്ലാപഞ്ചായത്ത് മെമ്പർ

''ശരത്തിന്റെ കാര്യത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണം.അല്ലാത്ത പക്ഷം അതിശക്തമായ സമരപരിപാടികൾ ആവിഷ്ക്കരിക്കും""

ഇ.എ. ശങ്കരൻ,

ആദിവാസി കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്റർ

Advertisement
Advertisement