കാൻസറിന് കാരണമാകുന്ന പഞ്ഞിമിഠായി നിരോധിക്കണം

Monday 19 February 2024 1:26 AM IST

കൊട്ടാരക്കര: കാൻസറിന് കാരണമാകുന്ന പഞ്ഞിമിഠായി കേരളത്തിൽ നിരോധിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു. പഞ്ഞിമിഠായി കാൻസറിന് കാരണമാകുമെന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പഞ്ഞി മിഠായി നിരോധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. വസ്ത്രങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന രാസ വസ്തു പഞ്ഞിമിഠായിക്ക് പിങ്ക് നിറം നൽകാൻ ഉപയോഗിക്കുന്നുവെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. കേരളത്തിൽ ഉത്സവ സീസൺ ആരംഭിക്കുന്നതോടെയാണ് ഇതിന്റെ വിൽപ്പന കൂടുന്നതെന്ന ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ഭാരവാഹികളുടെ യോഗം വിലയിരുത്തി. അതിനാൽ പഞ്ഞിമിഠായി അടിന്തരമായി നിരോധിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ്, ഭക്ഷ്യ വകുപ്പ് ഡയറക്ടർമാർ എന്നിവർക്ക് നിവേദനം നൽകി. സൊസൈറ്റി പ്രസിഡന്റ് പി.ജി. സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബിജു തുണ്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു.

ഭാരവാഹികളായ ജവഹർ ജനാർദ്ദൻ, ജോയി മാത്യു, മുഹമ്മദ് മിർസാദ്, മനോജ് കാളിയമ്പലം, വിനു വിദ്യാധരൻ, അരുൺദാസ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement