വന്യമൃഗശല്യം: കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് മെത്രാൻ സമിതി

Monday 19 February 2024 1:31 AM IST

കൊച്ചി: വന്യജീവികളുടെ ആക്രമണം ഒഴിവാക്കാൻ പ്രായോഗികവും സത്വരവുമായ ഇടപെടലുകൾക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) ആവശ്യപ്പെട്ടു. ജനവാസമേഖലകളിൽ ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാനുള്ള നയം രൂപീകരിക്കണം. ആന, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണം.

വനംവകുപ്പിന്റെ കണക്കനുസരിച്ച് എട്ട് വർഷത്തിനിടെ 5,839 വന്യജീവി ആക്രമണങ്ങളുണ്ടായി. 910 മനുഷ്യജീവനുകൾ നഷ്ടമായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നുപേരുടെ ജീവൻ വയനാട്ടിൽ നഷ്ടപ്പെട്ടു. കടുവ, ആന, കരടി, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസമേഖലകളിൽ ഇറങ്ങുകയും മനുഷ്യജീവന് ഭീഷണി സൃഷ്ടിക്കുകയുമാണ്.

വന്യജീവി ആക്രമണങ്ങളിൽ ജീവനും സ്വത്തിനും നാശം സംഭവിക്കുകയും പരിക്കേൽക്കുകയും വരുമാനനഷ്ടം സംഭവിക്കുകയും ചെയ്യുന്നവർക്ക് നഷ്ടപരിഹാരം സമയബന്ധിതമായി നൽകണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവ, വൈസ് പ്രസിഡന്റ് പോളി കണ്ണൂക്കാടൻ, സെക്രട്ടറി ഡോ. അലക്‌സ് വടക്കുംതല എന്നിവർ ആവശ്യപ്പെട്ടു.

Advertisement
Advertisement