യശ്വസായി രവീന്ദ്രജാലം ബാസ്ബാളിന് ആദരാഞ്ജലികൾ

Monday 19 February 2024 4:29 AM IST

രാജ്കോട്ട്: തട്ടുപൊളിപ്പൻ ബാറ്റിംഗ് ശൈലിയായ ബാസ്ബാളിന്റെ അപ്പോസ്തലൻമാരായ ഇംഗ്ലണ്ടിനെ സ്പിൻകെണിയിൽ കുരുക്കി മൂന്നാം ടെസ്റ്റിൽ 434 റൺസിന്റെ റെക്കാഡ് ജയം നേടി ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലെത്തി.

നാലാം ദിനമായ ഇന്നലെ ഇന്ത്യ ഉയർത്തിയ 557 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 122 റൺസിന് ഓൾഔട്ടായി. റൺസടിസ്ഥാനത്തിൽ ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.

തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഡബിൾ സെഞ്ച്വറി നേടിയ യശ്വസി ജയ്സ്വാളും (പുറത്താകാതെ 214) ഹോം ഗ്രൗണ്ടിൽ ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങിയ രവീന്ദ്രജഡേജയും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

സ്കോർ: ഇന്ത്യ 445/10, 430/4 ഡിക്ലയേർഡ്. ഇംഗ്ലണ്ട് 319/10,122/10.

ജഡേജയാണ് താരം

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റ് വീഴ്ത്തി അവരെ കൂട്ടത്തകർച്ചയിലേക് തള്ളിയിടുകയും ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിൽ പ്രതിസന്ധി ഘട്ടത്തിലെത്തി സെഞ്ച്വറി നേടുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് മാൻ ഓഫ് ദ മാച്ച്.

ഇംഗ്ലണ്ട് തവിടുപൊടി

വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. കഴിഞ്ഞ ഇന്നിംഗ്സിലെ സെഞ്ച്വറിക്കാരൻ ബെൻ ഡക്കറ്റ് (4)​ മുഹമ്മദ് സിറാജിന്റെയും വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിന്റെയും സമർത്ഥമായ ഇടപെടലിൽ റണ്ണൗട്ടിയി. പരമ്പരയിൽ ആദ്യമായാണ് ഇംഗ്ലണ്ട് ഓപ്പണിംഗ് സഖ്യം ഇത്ര ചെറിയ സ്കോറിൽ പിരിയുന്നത്. പിന്നാലെ സാക് ക്രൗളിയെ (11)​ ജസ്‌പ്രീത് ബുംറ വിക്കറ്റിന് മുന്നിൽ കുരുക്കിയുപ്പോൾ തൊട്ടടുത്ത ഓവറിൽ ഒല്ലി പോപ്പിനെ (3)​ ജഡേജ സ്ലിപ്പിൽ രോഹിത് ശർമ്മയുടെ കൈയിൽ ഒതുക്കി. ഇംഗ്ലണ്ട് 20/3 എന്ന നിലയിലായി അപ്പോൾ. അധികം വൈകാതെ ജോണി ബെയർസ്റ്റോയേയും (4)​,​ ജോറൂട്ടിനേയും (7)​,​ ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കുകയു ക്യാപ്ടൻ ബെൻ സ്റ്റോക്സിനേയും (15)​,​ റെഹാൻ അഹമ്മദിനേയും കുൽദീപ് പുറത്താക്കുകയും ചെയതതോടെ 50/7 എന്ന വലിയ പ്രതിസന്ധിയിലായി ഇംഗ്ലണ്ട്. തുടർന്ന് മാർക്ക് വുഡ്ഡും (33)​,​ ടോം ഹാർട്ട്ലിയും (16)​,​ ബെൻ ഫോക്സും (16)​ അല്പനേരം പിടിച്ചു നിന്നത് കൊണ്ടാണ് ഇംഗ്ലണ്ട് നൂറ് കടന്നത്. ഹാർട്ട്‌ലിയെ തിരിച്ചെത്തിയ അശ്വിനും ഫോക്സിനേും വുഡ്ഡിനേയും ജഡേജയും പുറത്താക്കിയതോടെ ഇംഗ്ലീഷ് ഇന്നിംഗ്സിന് അവസാനമായി. ജയിംസ് ആൻഡേഴ്സൺ (1)​ നോട്ടൗട്ടായി.

സൂപ്പർ ഇന്ത്യ

196/2 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്നു. നൈറ്റ് വാച്ച് മനായിറങ്ങിയ കുൽദീപ് യാദവിനൊപ്പം (27) ശുഭ്മാൻ ഗിൽ (91) ഇന്ത്യയെ ഇരുന്നൂറ് കടത്തി മുന്നോട്ടുകൊണ്ടു പോയി. എന്നാൽ സെഞ്ച്വറിയോടടുക്കുകയായിരുന്ന ശുഭ്മാനെ സ്റ്റോക്സ് റണ്ണൗട്ടാക്കി. 151 പന്ത് നേരിട്ട ഗിൽ 9 ഫോറും 12 സിക്സും നേടി. തന്റ െറോൾ ഭംഗായാക്കിയ കുൽദീപിനെ റെഹാൻ അഹമ്മദ് ജോറൂട്ടിന്റെ കൈയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ക്രീസിലൊന്നിച്ച യശ്വസി ജയ്‌സ്വാളും സർഫ്രാസ് ഖാനും (പുറത്താകാതെ 68) സ്കേർ അതിവേഗം ഉയർത്തി. 158 പന്തിൽ ഇരുവരും 172 റൺസ് കൂട്ടിച്ചേർത്തു. വീണ്ടും ഡബിൾ സെഞ്ച്വറി തികച്ച യശ്വസി 85-ാം ഓവറിൽ ആൻഡേഴ്സണെതിരെ ഹാട്രിക്ക് സിക്സ് നേടി. ആകെ 236 പന്തിൽ 12 സിക്സും 14 ഫോറും ഉൾപ്പെട്ടതാണ് യശ്വസിയുടെ ഇന്നിംഗ്സ്. 72 പന്ത് നേരിട്ട സർഫ്രാസ് 6 ഫോറും 3 സിക്സും നേടി.

Advertisement
Advertisement