സംഭവത്തിൽ അവ്യക്തതയുണ്ട്, കുടുംബത്തോടൊപ്പം താമസിക്കുന്നവരെയും ചോദ്യം ചെയ്യും; പൊലീസ് കമ്മീഷണർ

Monday 19 February 2024 9:44 AM IST

തിരുവനന്തപുരം: പേട്ടയിൽ രണ്ട് വയസുള്ള നാടോടി പെൺകുഞ്ഞ് മേരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തെരച്ചിൽ ശക്തമാക്കിയെന്ന് സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു. നിലവിൽ കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

'സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. അതിന് ഏകദേശം മൂന്ന് മണിക്കൂറോളം സമയം എടുക്കും. അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടമാണിത്. സംഭവത്തിൽ അവ്യക്തതയുണ്ട്. രാത്രി 12 മണിക്കാണ് കുഞ്ഞിനെ കാണാതായതെന്നാണ് രക്ഷിതാക്കൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ അത് ഉറപ്പിക്കാൻ കഴിയില്ല. രക്ഷിതാക്കൾ ഉണർന്ന സമയമാണ് അത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ഇതിന് കൂടുതൽ വ്യക്തത വരുകയുള്ളൂ. കുട്ടിയുടെ കുടുംബത്തോടൊപ്പം താമസിച്ചിരുന്നവരെയും ചോദ്യം ചെയ്തുവരുകയാണ്. ആദ്യം കുട്ടിയെ കണ്ടെത്താനാണ് ശ്രമിക്കുന്നത്'.- കമ്മീഷണർ അറിയിച്ചു.

ഹൈദരാബാദ് എൽപി നഗർ സ്വദേശികളായ അമർദീപ്- റബീന ദേവിയുടെ മകൾ മേരിയെയാണ് പേട്ടയിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. തെരുവോരങ്ങളിൽ കച്ചവടം നടത്തുന്ന കുട്ടിയുടെ രക്ഷിതാക്കൾ കഴിഞ്ഞ മാസം അവസാനമാണ് തിരുവനന്തപുരത്ത് എത്തിയത്.

കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കേണ്ട നമ്പറുകൾ: 0471–2501801, 9497990008, 9497947107.