ടി പി വധക്കേസിൽ പ്രതികൾക്ക് കനത്ത തിരിച്ചടി, വെറുതെ വിടണമെന്ന അപ്പീൽ തള്ളി; ഏറ്റവും നല്ല വിധിയെന്ന് കെ കെ രമ
കൊച്ചി: ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി.വിചാരണ കോടതി വിധി ശരിവച്ചുകൊണ്ട് തങ്ങളെ വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീൽ തള്ളി. പ്രതികളായിരുന്ന കെ കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ട വിധി റദ്ദാക്കി. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
തെളിവുകളുടെ അഭാവത്തിലാണ് കൃഷ്ണനെയും ജ്യോതിബാബുവിനെയും വെറുതെവിട്ടത്. ഇരുവരും ഈ മാസം ഇരുപത്തിയാറിന് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഇവർക്കുള്ള ശിക്ഷ അന്ന് വിധിക്കും.
സി പി എം പാനൂർ ഏരിയ കമ്മിറ്റിഅംഗമായിരുന്ന പി കെ കുഞ്ഞനന്തനെ ശിക്ഷിച്ച നടപടിയും ഹൈക്കോടതി ശരിവച്ചു. കേസിൽ ശിക്ഷ അനുഭവിക്കവെ 2020 ജൂണിൽ കുഞ്ഞനന്തൻ മരിച്ചിരുന്നു. അതേസമയം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വെറുതെവിട്ട നടപടി കോടതി ശരിവച്ചു.
ഏറ്റവും നല്ല വിധിയാണെന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യയും എം എൽ എയുമായ കെ കെ രമ പ്രതികരിച്ചു. രണ്ട് പ്രതികളെക്കൂടി ശിക്ഷിക്കുമെന്ന കോടതി വിധി ആശ്വാസകരം. സി പി എമ്മിൻറെ പങ്ക് കൂടുതൽ വെളിപ്പെട്ടു. പി മോഹനനെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
ശിക്ഷിക്കപ്പെട്ട 12 പ്രതികളാണ് തങ്ങളെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകിയത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും, പി മോഹനൻ ഉൾപ്പടെയുള്ളവരെ വിട്ടയച്ചതിനെതിരെ രമയും അപ്പീൽ നൽകിയിരുന്നു.
വടകരയ്ക്കടുത്ത് ഒഞ്ചിയത്തുവച്ച് 2012 മേയ് നാലിനാണ് ടി പി കൊല്ലപ്പെട്ടത്. ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സി പി എമ്മിൽനിന്ന് വിട്ടുപോയി ആർ എം പി എന്ന പാർട്ടിയുണ്ടാക്കിയതിൽ പ്രതികൾ പകവീട്ടുകയായിരുന്നെന്നാണ് കേസ്.
എം സി അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രൻ, ട്രൗസർ മനോജ്, പി കെ കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്ക് വിചാരണക്കോടതി ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂർ സ്വദേശി ലംബു പ്രദീപന് മൂന്നുവർഷം കഠിനതടവുമാണ് ശിക്ഷ വിധിച്ചത്. 36 പ്രതികളിൽ മോഹനൻ ഉൾപ്പടെ 24 പേരെ വെറുതെവിട്ടിരുന്നു.