വയനാടിന് സാന്ത്വനം പകർന്ന് ഗവർണർ

Tuesday 20 February 2024 4:25 AM IST

#വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ

കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു

പാക്കം(വയനാട്): കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളും ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ വിദ്യാർത്ഥിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. രാവിലെ 9.30 ഓടെയാണ് പടമലയിൽ കൊല്ലപ്പെട്ട പനച്ചിയിൽ അജീഷിന്റെ വീട്ടിൽ എത്തിയത്. കുട്ടികളോടും ബന്ധുക്കളോടും കാര്യങ്ങൾ അന്വേഷിച്ചു. വന്യമൃഗങ്ങളുടെ ആക്രമണം കുടുംബം ഗവർണറോട് വിശദീകരിച്ചു.അരമണിക്കൂർനേരം അവിടെ ചെലവഴിച്ചു.

കന്നുകാലികൾ മേയുന്നതുപോലെയാണ് കാട്ടാന ജനവാസമേഖലയിലെത്തുന്നതെന്ന് വീട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നുണ്ടെങ്കിലും പ്രശ്നപരിഹാരം ആകുന്നില്ല.

10.15 ഓടെ പുൽപ്പള്ളി പാക്കത്ത് കൊല്ലപ്പെട്ട കുറുവ ദ്വീപിലെ താത്ക്കാലിക ജീവനക്കാരൻ വി.പി. പോളിന്റെ വീട്ടിൽ എത്തി. വീടിനു മുന്നിൽ കുടുംബാംഗങ്ങളുമായി 20 മിനിറ്റ്‌ സംസാരിച്ചു. വയനാട് മെഡിക്കൽകോളേജിൽ പോളിന് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

പോളിന്റെ വീടിന് ഒരു കിലോമീറ്റർ അകലെ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പതാം ക്ലാസുകാരൻ ശരത്തിനെയും സന്ദർശിച്ചു.കോളനിയിലെത്തിയ ഗവർണർ ശരത്തിന്റെ അടുത്തിരുന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പഠിക്കണമെന്ന ആഗ്രഹം ശരത്ത് പ്രകടിപ്പിച്ചു. ശരത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.

പിന്നീട് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി മുടക്കൊല്ലിയിലെ പ്രജീഷിന്റെ വീട്ടിലേക്കാണ് എത്തിയത്. കടുവാഭീതി നിലനിൽക്കുന്നുണ്ടെന്ന് പ്രദേശവാസികൾ ഗവർണറോട് പറഞ്ഞു.

പരിഹാരം തേടും:ഗവർണർ

വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഉചിതമായ നടപടി ആവശ്യപ്പെടുമെന്നും പിന്നീട് ബിഷപ്പ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

പൊതുജനങ്ങൾ സംയമനം പാലിക്കണമെന്നും അക്രമം ഒന്നിനും പരിഹാരമല്ലെന്നും ഗവർണർ കൂട്ടച്ചേർത്തു.

വയനാടൻ ജനതയും മലയോര കർഷകരും വന്യമൃഗങ്ങളിൽ നിന്ന് നേരിടുന്ന പ്രതിസന്ധികളുടെ ഗൗരവം ബിഷപ്പ് ജോസ് പൊരുന്നേടം ഗവർണറെ ധരിപ്പിച്ചു.

വിവിധ സംഘടനാ പ്രതിനിധികളും ഗവർണറെ കാണാൻ ബിഷപ്പ്ഹൗസിലെത്തിയിരുന്നു. മാനന്തവാടി ബിഷപ്പ് ഹൗസിലെത്തിയ ഗവർണറെ രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, സഹായമെത്രാൻ ബിഷപ് അലക്സ് താരാമംഗലം, യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത സ്‌തെഫാനോസ് മാർ ഗീവർഗീസ് എന്നിവരും ബത്തേരി സീറോ മലങ്കര രൂപതയുടെയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം രണ്ടരയോടെയാണ് ഗവർണർ മടങ്ങിയത്.

Advertisement
Advertisement